സൗദിയില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത, ഈ മേഖലകളിൽ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

സൗദി അറേബ്യയില്‍ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വരെ ഇതേ സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതോടൊപ്പം വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
മക്ക, അസീര്‍, ജിസാന്‍, അല്‍ബഹ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മാതത്രമല്ല മക്ക മേഖലയിൽ തായിഫ്, അൽ ജുമും, ബഹ്‌റ, അൽ ഖുൻഫുദ, അൽ-ലിത്, അൽ-കാമിൽ, ഖുലൈസ്, മെയ്‌സാൻ, അദം, അൽ-അർദിയാത്ത് എന്നിവിടങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. വെള്ളിയാഴ്ച വരെയാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വാദി അദ്-ദവാസിർ, അസ് സുലൈയിൽ, അൽ ഖുവൈയ്യ, അഫീഫ്, അൽ അഫ്‌ലാജ്, അൽ മുവായ്, അൽ ഖുർമ, റാനിയ എന്നിവയുൾപ്പെടെയുളള റിയാദ് മേഖലയിൽ കാറ്റിനും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. തുർബ, മദീന, നജ്‌റാൻ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
ഇടിമിന്നലുള്ള സമയത്ത് സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണം, തോടുകൾ, ചതുപ്പുകൾ, വെള്ളം കയറുന്ന മറ്റ് മേഖലകൾ എന്നിവിടങ്ങളിൽ ഇറങ്ങരുതെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു.രാജ്യത്തെ താപനിലയിലും കുറവ് രേഖപ്പെടുത്തി. കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായാണ് മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.
താഴ്‌വരകള്‍, ചതുപ്പുകള്‍ എന്നിവിടങ്ങളില്‍ ഇറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു. ശക്തമായ മഴയില്‍ കാഴ്ച മറയാന്‍ സാധ്യതയുളളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം യുഎഇയില്‍ താപനില ക്രമാതീതമായി കുറയുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വേനല്‍ക്കാലം ആരംഭിച്ചതിന് പിന്നാലെ യുഎഇയില്‍ താപനില മൂന്ന് തവണ 50 ഡിഗ്രിക്ക് സെല്‍ഷ്യസിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ താപ നില ക്രമാതീതമായി കുറയുന്നുവെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം.
https://www.facebook.com/Malayalivartha