40 രാജ്യക്കാർക്ക് കോളടിച്ചു.! യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാവുന്ന ഗോൾഡൻ ചാൻസ് പദ്ധതി വീണ്ടും പുനരാരംഭിക്കുന്നു, പദ്ധതിയിലൂടെ ഇതിനോടകം മലയാളികളടക്കം നിരവധി പേർക്ക് ലൈസൻസ് ലഭിച്ചു...!

ഇന്ത്യ ഉൾപ്പെടെ 40 രാജ്യക്കാർക്ക് സുവർണാവസരമാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. ദുബൈ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ പ്രവാസികൾ നന്നേ പാടുപെടാറുണ്ട്. ലൈസൻസ് സ്വന്തമാക്കാൻ ഉള്ള കടമ്പകൾ കടക്കാനുള്ള പ്രയാസം മൂലം പലർക്കും ഇതൊരു സ്വപ്നമായി തന്നെ ശേഷിക്കുകയാണ് പതിവ്. എന്നാൽ ഇതിനായി ശ്രമിക്കുന്ന പ്രവാസികളാകട്ടേ തുടർന്നുള്ള ചാർസിൽ ലൈസൻസ് കിട്ടുമെങ്കിലും ആദ്യ ചാർസുകളിൽ പരാജയപ്പെടാറാണ് പതിവ്.
എന്നാൽ സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസുള്ള ഇന്ത്യ ഉൾപ്പെടെ 40 രാജ്യക്കാർക്ക് യുഎഇയിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാവുന്ന ഗോൾഡൻ ചാൻസ് പദ്ധതി യുഎഇ പുനരാരംഭിക്കുകയാണ്. സാങ്കേതിക പ്രശ്നം മൂലം ഇടക്കാലത്തു നിർത്തിവച്ച സേവനമാണ് പുനരാരംഭിക്കുന്നത്.ടെസ്റ്റിൽ പരാജയപ്പെട്ടാൽ സാധാരണ നടപടി ക്രമങ്ങളിലൂടെ പരിശീലന ക്ലാസിൽ ഹാജരായാൽ മാത്രമേ ലൈസൻസ് എടുക്കാനാകൂ. ഏപ്രിലിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച പദ്ധതിയിലൂടെ മലയാളികളടക്കം നിരവധി പേർക്ക് ലൈസൻസ് ലഭിച്ചിരുന്നു.
ഇന്ത്യൻ ലൈസൻസുള്ള മലയാളികളടക്കം ഒട്ടേറെ പേർക്ക് എളുപ്പത്തിൽ ഒരു ജോലി സംഘടിപ്പിക്കാൻ സഹായകമാകുന്ന ദുബായ് ഡ്രൈവിങ് ലൈസൻസ് നേടാനുള്ള സുവർണാവസരമാണിത്. 2,150 ദിർഹം അടച്ചാൽ ഗോൾഡൻ ചാൻസിലൂടെ ഡ്രൈവിങ് ലൈസൻസ് നേടാനുള്ള ഫയൽ ഓപ്പൺ ചെയ്യാം. തുടർന്ന് തിയറി ടെസ്റ്റ് പാസായാൽ നേരിട്ട് റോഡ് ടെസ്റ്റിന് വിധേയമാകാനാവുന്നു എന്നതാണ് പ്രത്യേകത. ആവശ്യമുള്ളവർക്ക് രണ്ടോ മൂന്നോ പരിശീലന ക്ലാസുകളിൽ പങ്കെടുത്ത് റോഡ് ടെസ്റ്റിന് പോകാം.
ഫയൽ ഓപ്പണിങ് ഫീസ് കൂടാതെ, തിയറി ടെസ്റ്റ്, നേത്ര പരിശോധന, റോഡ് ടെസ്റ്റ്, ലൈസൻസ് ഫീസ് എന്നിവയ്ക്ക് അടക്കമുള്ളതാണ് 2,150 ദിർഹം. സ്വന്തം രാജ്യത്തു നിന്ന് ഡ്രൈവിങ് ലൈസൻസ് നേടി പിറ്റേദിവസം തന്നെ യുഎഇയിലേയ്ക്ക് വിമാനം കയറുന്നവർക്കും എമിറേറ്റ്സ് ഐഡി സ്വന്തമാക്കിയ ശേഷം ഗോൾഡൻ ചാൻസിന് അപേക്ഷിക്കാവുന്നതാണ്.
ഇതിനായി ആർടിഎയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് ഗോൾഡൻ ചാൻസ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകണം. എമിറേറ്റ്സ് ഐഡി നമ്പർ, കാലപരിധി, മൊബൈൽ നമ്പർ എന്നിവ നൽകിയാൽ ഫോണിൽ ലഭിക്കുന്ന ഒടിപിയും നൽകി നടപടി പൂർത്തിയാക്കാം. നൽകിയ വിവരങ്ങൾ ഒത്തുനോക്കി ഉറപ്പുവരുത്തണം. ശേഷം സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ ലൈസൻസ് ഇഷ്യൂ ചെയ്ത തീയതി, കാലപരിധി, കാറ്റഗറി (ലൈറ്റ് മോട്ടർ വെഹിക്കിൾ) എന്നിവ രേഖപ്പെടുത്തണം.
തുടർന്ന് ലഭിക്കുന്ന റോഡ് ടെസ്റ്റ് തീയതിയിൽ ഹാജരായി പാസായാൽ ലൈസൻസ് ലഭിക്കും. അല്ലാത്തവർക്ക് സാധാരണ ക്ലാസിൽ ചേരാം. ഐ ടെസ്റ്റ്, നോളജ് ടെസ്റ്റ് എന്നിവ നടത്തിയ ശേഷമാണ് ടെസ്റ്റിനു ഹാജരാകേണ്ടത്. പാസായാൽ 2 വർഷത്തേക്കു ലൈസൻസ് ലഭിക്കും. കാലാവധി കഴിഞ്ഞാൽ പിന്നീട് 5 വർഷത്തേക്കു പുതുക്കാം.
https://www.facebook.com/Malayalivartha