യുഎഇയിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ കടലില്‍ തകര്‍ന്നുവീണു, കാണാതായ പൈലറ്റുമാർക്കായി തിരച്ചിൽ

യുഎഇ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്റർ കടലില്‍ തകര്‍ന്നുവീണു. ഇതിൽ ഉണ്ടായിരുന്ന പൈലറ്റുമാർക്കായി കടലില്‍ തിരച്ചിൽ തുടരുകയാണ്. പരിശീലന പറക്കലിനിടെ ആണ് യുഎഇ തീരത്ത് ഹെലികോപ്റ്റർ തകർന്നുവീണത്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിന് 2023 സെപ്റ്റംബർ 7 വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചത്.
ഈജിപ്ഷ്യൻ, ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രയ്ക്കിടെ എ6-എഎൽഡി റജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള 'ബെൽ 212' ഹെലികോപ്റ്റർ ഗൾഫ് കടലിൽ വീണതായി ജിസിഎഎ പ്രസ്താവനയിൽ പറഞ്ഞു. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ നടത്തിയ തിരച്ചിലിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും പൈലറ്റുമാരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതായ ജീവനക്കാർക്കായി തിരച്ചില്‍ തുടരുകയാണെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഒരാഴ്ച്ചയ്ക്ക് മുമ്പ് സൗദി വ്യോമസേനയുടെ ഭാഗമായ യുദ്ധവിമാനം തകർന്നുവീണും അപകടം ഉണ്ടായി. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ എയർ ബേസ് പരിധിയിലാണ് അപകടമുണ്ടായത്. യുദ്ധവിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാർ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു.പ്രതിരോധ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടത്. വിമാനത്തിൽ രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നത്.
അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന ഇവർ രക്ഷപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ദഹ്റാനിലെ കിംഗ് അബ്ദുൾ അസീസ് എയർ ബേസിലെ പരീക്ഷണ പറക്കലിനിടയിലാണ് ടൊർണാഡോ വിഭാഗത്തിലുള്ള വിമാനം തകർന്നു വീണതെന്നാണ് ഔദ്യോഗികമായുള്ള അറിയിച്ചത്. അപകടം സംഭവിച്ചപ്പോൾ ലൈഫ് ചെയർ ഉപയോഗിച്ചാണ് പൈലറ്റുമാർ രക്ഷപ്പെട്ടത്.
അതുകൊണ്ട് തന്നെ അപകടത്തിൽ പൈലറ്റുമാർക്ക് പരിക്കുകളില്ലെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് തുർക്കി അൽ മാലികി പറഞ്ഞത്. എന്താണ് അപകടത്തിന്റെ കരണം എന്ന് കണ്ടെത്തുന്നതിന് വേണ്ടി അന്വേഷണ സമിതി നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വരും ദിവസങ്ങളിൽ മന്ത്രാലയം പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha