ദുബായിൽ ഹെലികോപ്റ്റർ തകർന്നു വീണ് അപകടം, രണ്ടു പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, കാണാതായ സഹപൈലറ്റിനായുളള തിരച്ചിൽ തുടരുന്നു...!!

ദുബായിൽ ഹെലികോപ്റ്റർ തകർന്നു വീണ് കാണാതായ രണ്ടു പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ സഹപൈലറ്റിനായുളള തിരച്ചിൽ തുടരുകയാണ്. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ സെക്ടറിന് വ്യാഴാഴ്ച രാത്രി 8.30നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചത്.ദുബായ് അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബെൽ 212 ഹെലികോപ്റ്ററാണ് പരിശീലന പറക്കലിനിടെ കടലില്‍ തകര്‍ന്നുവീണത്.
രണ്ട് പൈലറ്റുമാരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഈജിപ്റ്റ്, ദക്ഷിണാഫ്രിക്ക സ്വദേശികളായിരുന്നു ഇവർ. ഹെലികോപ്റ്റർ തകർന്നെന്ന വിവരം ലഭിച്ച ഉടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട പരിശോധനയിലാണ് രണ്ടു പൈലറ്റുമാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാൾ ഏതു നാട്ടുകാരനാണ് എന്നതുൾപ്പെടെയുളള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകൾ നടത്തിയ തിരച്ചിലിൽ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha