ഗുരുതര ഗതാഗത നിയമലംഘനം, കുവൈത്തിൽ ആറ് മാസത്തിനിടെ നാടുകടത്തിയത് 18,000ത്തിലേറെ പ്രവാസികളെ, എല്ലാ ഗവര്‍ണറേറ്റുകളിലും കൂടുതല്‍ സുരക്ഷാസേനകളെ വിന്യസിച്ച് പരിശോധന ശക്തമാക്കും

പ്രവാസികൾക്ക് നേരേ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. രാജ്യത്ത് നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുകയാണ്. പരിശോധനയിൽ നിരവധി പ്രവാസികളാണ് പിടിയിലായത്. താമസ നിയമലംഘകർ, ഗതാഗത നിയമലംഘനങ്ങളിൽ ഏർപ്പെട്ടവർ എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇപ്പോൾ മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍, ഗതാഗത നിയമലംഘനത്തിന്റെ പേരിൽ പിടിയിലായ 18,486 പേരെ പ്രവാസികളെ രാജ്യത്ത് നിന്ന് നാടുകടത്തിയത്.
ഗുരുതര ഗതാഗത നിയമലംഘനമാണ് ഇവർ ചെയ്തത്. പിടിയിലായ നിരവധി പേർ നാടുകടത്തൽ കേന്ദ്രങ്ങളിൽ തുടർ നടപടികളും കാത്ത് കഴിയുകയാണ്. കഴിഞ്ഞ എട്ടു മാസത്തിനിടെ 26 ലക്ഷം പേര്‍ നിയമം ലംഘിച്ചു. ഇതില്‍ 19.5 ലക്ഷം പരോക്ഷ നിയമലംഘനങ്ങള്‍ ആയിരുന്നെന്ന് ഗതാഗത ബോധവത്കരണ വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ നവാഫ് അല്‍ ഹയ്യാന്‍ പറഞ്ഞു. അമിതവേഗം, റെഡ് സിഗ്നല്‍ ക്രോസ് ചെയ്ത് പോകുക, റേസിങ്, ലൈസന്‍സില്ലാതെ വാഹനമോടിക്കുക എന്നിവ ഗുരുതര ട്രാഫിക് നിയമലംഘനങ്ങളില്‍പ്പെടുന്നു.
ഗതാഗത നിയന്ത്രണത്തിനും തിരക്ക് കുറയ്ക്കുന്നതിനും അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പിടികൂടാനുമായി എല്ലാ ഗവര്‍ണറേറ്റുകളിലും കൂടുതല്‍ സുരക്ഷാസേനകളെ വിന്യസിച്ച് പരിശോധന ശക്തമാക്കും. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇന്‍ഷുറന്‍സ് എടുക്കാതെയും പുതുക്കാതെയും റോഡിലിറങ്ങുന്ന വാഹനങ്ങളെ പിടികൂടാന്‍ പ്രത്യേക നിരീക്ഷണ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 120 പേരെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തത്. ജഹ്റ, ഫർവാനിയ, അഹമ്മദി തുടങ്ങിയ പ്രദേശങ്ങളിൽ അഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.പിടിയിലാവരില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളാണ്.
നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും പരിശോധനകൾ തുടരാനും നേരത്തെ ആഭ്യന്തര മന്ത്രി ശൈഖ് തലാൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സമീപകാലത്ത് മറ്റ് പല ഗള്‍ഫ് രാജ്യങ്ങളും പ്രവാസികളോട് ഉദാരമായ നയം സ്വീകരിക്കുമ്പോള്‍ ഓരോ ദിവസം കഴിയുന്തോറും തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് കുവൈത്ത്.
https://www.facebook.com/Malayalivartha