തൊഴിലിടങ്ങളിൽ അവർ എത്തും...! യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി ശക്തമാക്കും, വേതനം ലഭിക്കാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്താൽ ജീവനക്കാർക്ക് പരാതിപ്പെടാം..!!

നാട്ടിലെ പ്രാരാബ്ധങ്ങൾ തീർക്കാനാണ് ഒട്ടുമിക്കവരും പ്രവാസികളാകുന്നത്. എന്നാൽ കഷ്ടപ്പെട്ട് ജോലി ചെയ്തിട്ട് ശമ്പളം കിട്ടാതിരുന്നാൽ സഹിക്കാൻ പറ്റുമോ. തൊഴിലുടമയുടെ ചൂഷണം മൂലം കൃത്യസമയത്ത് ശമ്പളം ലഭിക്കാതെ നിരവധി പ്രവാസികളാണ് ബുദ്ധിമൂട്ടിൽ കഴിയുന്നത്. ഇത് മൂലം നാട്ടിലുള്ള കുടുബങ്ങൾക്ക് പോലും ചിലവിനായി പണം അയയ്ക്കാൻ കഴിയാതെ നിസ്സഹായരാകേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ടാകാം. എന്നാൽ ഇതിന് തടയിടാൻ തന്നെയാണ് യുഎഇയുടെ നീക്കം. യുഎഇയിൽ കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ നടപടി ശക്തമാക്കുകയാണ് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം.
വൻതുക പിഴ ചുമത്തുന്നതിനു പുറമെ ഈ കമ്പനികൾക്കുള്ള മന്ത്രാലയ സേവനങ്ങൾ തടയും. നിശ്ചിത തീയതിക്കകം ശമ്പളം നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വേതനം ലഭിക്കാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്താൽ യഥാസമയം പരാതിപ്പെടണമെന്ന് ജീവനക്കാരോടും അഭ്യർഥിച്ചു. നിയമലംഘനം ആവർത്തിച്ചാൽ കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കം കടുത്ത നടപടി ഉണ്ടാകും. മലയാളത്തിലും പരാതിപ്പെടാവുന്നതാണ്. കൂടാതെ തമിഴ്, ഹിന്ദി, പഞ്ചാബി, തെലുങ്ക്, ഉറുദു, ബംഗാളി, നേപ്പാളി, അറബിക്, ഇംഗ്ലിഷ്, ഫ്രഞ്ച് തുടങ്ങി 20 ഭാഷകളിൽ പരാതിപ്പെടാം. എല്ലാ കമ്പനികളും മാസവേതനം നൽകുന്നുണ്ടെന്ന് ഇലക്ട്രോണിക് ബന്ധം വഴി മന്ത്രാലയം ഉറപ്പാക്കും.
വേതന സംരക്ഷണ സംവിധാനം വഴിയാണ് കമ്പനി ശമ്പളം നൽകേണ്ടത്. യുഎഇയിലെ അംഗീകൃത ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ വഴി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് വേതനം കൈമാറേണ്ടത്. ഡബ്ല്യുപിഎസിൽ റജിസ്റ്റർ ചെയ്യാത്ത കമ്പനികളുമായി മന്ത്രാലയം ഇടപാട് നടത്തില്ലെന്നും വ്യക്തമാക്കി. തൊഴിൽ കരാറിൽ രേഖപ്പെടുത്തിയ തീയതിയിലോ തൊട്ടടുത്ത ദിവസമോ ശമ്പളം നൽകണം. പ്രത്യേക കാലയളവ് വ്യക്തമാക്കിയിട്ടില്ലെങ്കിൽ മാസത്തിൽ ഒരിക്കൽ 15 ദിവസം വൈകാതെ ശമ്പളം നൽകണം. ജോലി ചെയ്ത് ഒരു മാസം പൂർത്തിയാക്കിയിട്ടും ശമ്പളം നൽകിയില്ലെങ്കിൽ കുടിശിക വരുത്തിയതായി കണക്കാക്കും.
കുടിശിക വരുത്തുന്ന സ്ഥാപനങ്ങൾക്ക് 3, 10 ദിവസങ്ങളിൽ മുന്നറിയിപ്പു നൽകും.10 ദിവസത്തിനു ശേഷവും വേതനം നൽകാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കും. 17 ദിവസത്തിൽ കൂടുതൽ വേതനം വൈകിപ്പിക്കുന്ന അൻപതോ അതിൽ അധികമോ തൊഴിലാളികളുള്ള സ്ഥാപനത്തിൽ മന്ത്രാലയ ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തി നടപടി സ്വീകരിക്കും. ചെറുകിട സ്ഥാപനങ്ങളാണെങ്കിൽ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നത് താൽക്കാലികമായി നിർത്തിവയ്ക്കും. ശമ്പളം വൈകുന്ന കാലയളവിനനുസരിച്ച് പിഴയും വർധിക്കും.
വേതനം വൈകിപ്പിക്കുന്ന കമ്പനിക്കു 5,000 മുതൽ 50,000 ദിർഹം പിഴ ഈടാക്കും. 500നു മുകളിൽ തൊഴിലാളികളുള്ള ശമ്പള കുടിശിക വരുത്തുന്ന കമ്പനികളെ അപകട സാധ്യതയുള്ളവയുടെ ഗണത്തിൽപ്പെടുത്തി നടപടിയെടുക്കും.അതുപോലെ ശമ്പളം ലഭിച്ചതായി വ്യാജ പേ സ്ലിപ് കാണിക്കാൻ തൊഴിലാളികളെ നിർബന്ധിക്കുക, നിയമ നടപടിയിൽനിന്ന് രക്ഷപ്പെടാൻ വേതന സുരക്ഷാ പട്ടികയിൽ തെറ്റായ വിവരം നൽകുക എന്നീ കുറ്റങ്ങൾക്കും ആളൊന്നിനു 5000 ദിർഹവുംപരമാവധി 50,000 ദിർഹം പിഴ അടയ്ക്കേണ്ടിവരും.
https://www.facebook.com/Malayalivartha