സൗദിയിൽ വരും ദിവസങ്ങളിൽ ഇടിമിന്നലിന് സാധ്യത, അപകടസാധ്യതയുള്ളതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം
സൗദിയിൽ പൊതുജനങ്ങൾക്ക് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. രാജ്യത്തെ മിക്ക പ്രദേശങ്ങളിലും വരും ദിവസങ്ങളിൽ ഇടിമിന്നലുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. വ്യാഴാഴ്ച വരെ ഇത്തരത്തിൽ തുടരുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 28വരെ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മക്ക മേഖലയിലെ തായിഫ്, മെയ്സാൻ, ആദം, അൽ അർദിയാത്ത് എന്നിവിടങ്ങളിലും അസീർ, ജിസാൻ, അൽ ബഹ മേഖലകളിലും ഈ ദിവസങ്ങളിൽ മഴയും ആലിപ്പഴ വർഷവും പൊടിക്കാറ്റുമുണ്ടായേക്കാം.
മക്ക, അൽ ജമൂം, അൽ കാമിൽ, ഖുൻഫുദ, അസീർ, നജ്റാൻ, അൽബാഹ, മദീന തുടങ്ങിയ പ്രദേശങ്ങളിലും പൊടിക്കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. അപകടസാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പിൽ വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ ഈ വാരാന്ത്യത്തോടെ വേനല്‍ക്കാലം പൂര്‍ണമായും അവസാനിക്കാൻ പോകുന്നുവെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അടുത്തയാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ താപനില 23 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ. വരുംദിവസങ്ങളില്‍ രാജ്യത്തെ രാത്രികാല താപനില 20കളിലേക്ക് താഴും. ഞായറാഴ്ച ദുബായില്‍ 26 ഡിഗ്രി വരെ എത്തിയേക്കുമെന്നും എന്‍സിഎം പ്രവചിക്കുന്നു. വടക്കുകിഴക്കന്‍ കാറ്റ് അടുത്തയാഴ്ച മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കും. കാലാവസ്ഥാ മാറ്റത്തിന്റെ പ്രകടമായ സൂചനയായി മണലും പൊടിയും വീശുകയും വായുവിന്റെ ഗുണനിലവാരവും ദൃശ്യപരതയും കുറയുകയും ചെയ്യും.
വരുന്ന തിങ്കളാഴ്ച ദുബായില്‍ പകല്‍ സമയത്ത് തണുപ്പ് അനുഭവപ്പെടും. താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും അബുദാബിയില്‍ കുറച്ചുദിവസം കൂടി ചൂട് തുടരുമെന്നും പ്രവചനമുണ്ട്. രാജ്യത്ത് ഉയര്‍ന്ന താപനിലയുള്ള എമിറേറ്റുകളായ അബുദാബിയില്‍ 42 ഡിഗ്രിയും ദുബായില്‍ 40 ഡിഗ്രിയുമായിരുക്കും ചൊവ്വാഴ്ചയിലെ ഉയര്‍ന്ന താപനില. രണ്ട് എമിറേറ്റുകളിലും ചൊവ്വാഴ്ച മിക്ക സമയത്തും താപനില നന്നായി കുറഞ്ഞേക്കും. അടുത്തയാഴ്ച രാവിലെ ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്. ഇത്തവണ വേനലില്‍ യുഎഇ താപനില 50ന് മുകളിലെത്തിയിരുന്നു. അല്‍ ദഫ്‌റയിലാണ് 50.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
https://www.facebook.com/Malayalivartha