6000 അടി ഉയരത്തില്‍ വരെ പറക്കാൻ സാധിക്കുന്ന ജെറ്റ് സ്യൂട്ട്, ദുബൈ നഗരത്തെ ഞെട്ടിച്ച് പറക്കും മനുഷ്യൻ, സാം റോജർ ദുബൈ വേൾഡ് ട്രേഡ് സെന്റർ പരിസരത്ത് പറന്ന് പൊങ്ങിയത് പലതവണ

ദുബൈ നഗരത്തെ ഞെട്ടിച്ച് പറക്കും മനുഷ്യൻ. എല്ലാവരും നോക്കിനിൽക്കെ 15 മീറ്റർ ഉയരത്തിൽ പറന്നു പൊങ്ങി. ആർ.ടി.എ സംഘടിപ്പിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ സമ്മേളനത്തിൽ പങ്കെടുക്കാനാൻ ദുബൈയിലെത്തിയ ഇംഗ്ലണ്ടിൽ നിന്നുള്ള സാം റോജറാണ് ഈ പറക്കും മനുഷ്യൻ. ആർ.ടി.എ അധികൃതരും നിരവധി ആളുകളും നോക്കിനിൽക്കെയാണ് ഇദ്ദേഹം തന്റെ പ്രകടനങ്ങൾ പുറത്തെടുത്തത്. വേള്‍ഡ് ട്രേഡ് സെന്‍ററിലെ സബീല്‍ ഹാളില്‍ പാർക്കിംഗ് മേഖലയില്‍ രണ്ട് തവണയാണ് പരീക്ഷണ പറക്കല്‍ നടത്തിയത്.
സ്വയം പറക്കാൻ ഗവേഷണം നടത്തുന്ന ഗ്രാവിറ്റി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിലെ പരീക്ഷണ പറക്കൽ പൈലറ്റും, ഡിസൈനറുമൊക്കെയാണ് ഇദ്ദേഹം. സമ്മേളനം നടക്കുന്ന ദുബൈ വേൾഡ് ട്രേഡ് സെന്ററിന്റെ പാർക്കിങ് ലോട്ടിൽ ആർ.ടി.എ ചെയർമാൻ മതാർ അൽതായറും, സാം റോജറിന്റെ ഈ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. വെറും പറക്കല്‍ മാത്രമല്ല സാമിന്‍റെ വിനോദം. സ്വന്തമായി റോക്കറ്റുകൾ, റേഡിയോ നിയന്ത്രിത വിമാനങ്ങൾ, വീട്ടിലുണ്ടാക്കുന്ന ക്യാമറകള്‍ ഇതെല്ലാം നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
പറക്കാന്‍ ഉപയോഗിക്കുന്ന ഗ്രാവിറ്റി ജെറ്റ് സ്യൂട്ടും സാം സ്വയം രൂപകല്‍പന ചെയ്തതാണ്. ത്രീഡി പ്രിന്‍റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വേഗതയേറിയ ജെറ്റ്‌പാക്കാണിത്.6000 അടി ഉയരത്തില്‍ വരെ ജെറ്റ് സ്യൂട്ടില്‍ പറക്കാനാകും ആർ.ടി.എ സംഘടിപ്പിക്കുന്ന സമ്മേളത്തിനെത്തിയവരെയും, രംഗം മൊബൈൽ പകർത്താൻ കാത്തുനിന്നവരെയും ആവേശത്തിലാഴ്ത്തിയാണ് സാം റോജർ പലതവണ ദുബൈ വേൾഡ് ട്രേഡ് സെന്റർ പരിസരത്ത് പറന്ന് പൊങ്ങിയത്.
ഭാവിയിലെ യാത്രാ സൗകര്യങ്ങളെ കുറിച്ച് നിരന്തരം ഗവേഷണം നടത്തുന്ന ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അധികൃതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പിന്നിൽ തൂക്കിയിട്ട ജെറ്റ് സ്യൂട്ടുമായി നമ്മൾ ഓരോരുത്തരും ഇങ്ങനെ പറന്നു നടക്കുന്ന കാലം അത്ര വിദൂരമല്ലെന്നാണ് സാം റോജർ എന്ന ഈ പറക്കും മനുഷ്യൻ നൽകുന്ന പാഠം.
അതേസമയം 2026-ഓടെ ദുബായിൽ പറക്കും ടാക്സികൾ സജീവമാകും. ഇതോടെ പറക്കും ടാക്സികൾ സമ്പൂർണ പ്രവർത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയർടാക്സി നിർമ്മാണ കമ്പനി ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വയം നിയന്ത്രിയ ഗതാഗതവുമായി ബന്ധപ്പെട്ട് ദുബായിൽ നടക്കുന്ന മൂന്നാത് ലോക സമ്മേളനത്തിലാണ് കമ്പനി ഇതറിയിച്ചത്. പറക്കും ടാക്സികൾ സജീവമാകുന്നതോടെ ഇതിനു വേണ്ടി വികസിപ്പിച്ച വെർട്ടിപോർട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും. ഡ്രോണുകളുടെ ലാൻഡിംഗിനും ടേക്ക്ഓഫിനും അഡ്വാൻസ്ഡ് എയർ മൊബിലിറ്റി ഗതാഗതത്തിനുമായി രൂപകൽപന ചെയ്ത സാങ്കേതിക വിദ്യയാണ് വെർടിപോർട്ടുകൾ.
ഒരു വെർട്ടിപോർട്ടിന് ഒന്നിലധികം ഡ്രോണുകളെ ഉൾക്കൊള്ളാൻ കഴിയും. ഈ വർഷം ഫെബ്രുവരിയിൽ ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിലാണ് പുത്തൻ സാങ്കേതിക വിദ്യക്ക് അംഗീകാരം നൽകിയത്.ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപമായിരിക്കും ഫ്ലൈയിംഗ് ടാക്‌സിയുടെ പ്രധാന സ്റ്റേഷൻ. പാം ജുമൈറ, ദുബായ് ഡൗൺടൗൺ, ദുബായ് മറീന എന്നിവിടങ്ങളിലെ വെർട്ടിപോർട്ട് സ്റ്റേഷനുകളിലേക്കും തിരിച്ചും പ്രാരംഭ ഘട്ടത്തിൽ ടാക്സികൾ സർവ്വീസ് നടത്തും. എയർ ടാക്സികൾക്ക് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയുണ്ടാകുമെന്നും പരമാവധി റേഞ്ച് 241 കിലോമീറ്ററാണെന്നും നേരത്തെ അറിയിച്ചിരുന്നു. ഒരു പൈലറ്റിനും നാല് യാത്രക്കാർക്കും സഞ്ചരിക്കാം.
https://www.facebook.com/Malayalivartha