ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനവുമായി പുറത്തിറങ്ങിയാൽ ക്യാമറകള്‍ പണിതരും, സൗദിയിൽ എ ഐ ക്യാമറയിലൂടെ നിയമലംഘനം കണ്ടെത്തി ഉടനടി പിഴ ചുമത്തുന്ന പുതിയ സംവിധാനം ഒക്ടോബർ 1 മുതൽ...!!

സൗദിയിൽ നിയമലംഘകരെ കണ്ടെത്താനുള്ള നടപടികൾ കടുപ്പിക്കുകയാണ്. തമസ നിയമങ്ങൾ പാലിക്കാത്തതും, വാഹനങ്ങളുമായി റോഡിൽ ഇറങ്ങി നിയമലംഘനം നടത്തിയാലും മാത്രമല്ല പിടിവീഴുന്നത്. ഇനി മുതല്‍ വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതെ പുറത്തിറങ്ങിയാലും ക്യാമറകള്‍ പണിതരും. ഇത്തരത്തിൽ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനവുമായി പുറത്തിറങ്ങുന്നവരെ എ ഐ ക്യാമറയിലൂടെ കണ്ടെത്തുകയും ഉടനടി പിഴ ചുമത്തുകയും ചെയ്യും.
ഒക്ടോബർ 1 ഞായറാഴ്ച മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും. അടുത്തിടെ പരിഷ്‌കരിച്ച ട്രാഫിക് നിയമഭേദഗതി പ്രകാരമാണിത്. ഒക്ടോബർ ഒന്നു മുതൽ രാജ്യത്തെ റോഡുകളിലൂടെ ഓടുന്ന മുഴുവൻ വാഹനങ്ങൾക്കും സാധുതയുള്ള ഇൻഷുറൻസ് ഉണ്ടോയെന്ന് ട്രാഫിക് കാമറകൾ വഴി നേരിട്ട് നിരീക്ഷിക്കും. ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും എല്ലാ ഡ്രൈവർമാർക്കും ബാധകമാണ്. ഓരോ 15 ദിവസത്തിലും ക്യാമറകൾ വഴി ഇൻഷുറൻസ് കാലാവധി പരിശോധിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിതായി സൗദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.
ഇൻഷുറൻസ് സാധുത ഇല്ലാത്ത വാഹനങ്ങൾക്ക് 100 മുതൽ 150 റിയാൽ വരെയാണ് പിഴ ചുമത്തുക. അബ്ഷിർ അക്കൌണ്ട് വഴി ഇൻഷുറൻസ് പിഴ അറിയാൻ സാധിക്കും. ഇൻഷുറൻസ് കാലഹരണപ്പെടുക, ഇൻഷുറൻസ് എടുക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇൻഷുറൻസ് നിയമ ലംഘനമായി കണക്കാക്കും.രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും ക്യാമറ വഴി ഇൻഷുറൻസ് നിയമ ലംഘനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും.
ട്രാഫിക് വിഭാഗത്തിൽ നേരത്തെ തന്നെ ഇൻഷുറൻസ് നിയമലംഘനങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളതാണ്. നിലവിലുള്ള ക്യാമറകൾക്ക് പുറമെ ഇൻഷുറൻസ് ലംഘനങ്ങൾ കണ്ടെത്താനായി പ്രത്യേക ക്യാമറകൾ സ്ഥാപിക്കുമെന്നും സൗദി ജനറൽ ട്രാഫിക് വിഭാഗം അറിയിച്ചു.ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ നിരത്തുകളില്‍ ഇറക്കരുതെന്നാണ് നിയമം. സാധുതയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ റോഡുകളിലെത്തുന്ന എല്ലാ വാഹനങ്ങളും ഇ-മോണിറ്ററിങ് എന്ന യാന്ത്രിക നിരീക്ഷണ സംവിധാനത്തിലൂടെ കണ്ടെത്താനാവുമെന്ന് വകുപ്പ് വെളിപ്പെടുത്തി.
2023 ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ വാഹന ഇന്‍ഷുറന്‍സ് ലംഘനങ്ങളുടെ ഇ-മോണിറ്ററിങ് ആരംഭിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായും ട്രാഫിക് അതോറിറ്റി വ്യക്തമാക്കി.വാഹനം ഉപയോഗിക്കുന്ന പൗരന്മാരും വിദേശികളും ട്രാഫിക് നിയമങ്ങളും നിര്‍ദ്ദേശങ്ങളും പൂര്‍ണമായി പാലിക്കണമെന്നും വാഹനാപകടങ്ങളുണ്ടായാല്‍ ഇരകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വാഹനങ്ങള്‍ക്ക് സാധുതയുള്ള ഇന്‍ഷുറന്‍സ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ട്രാഫിക് അതോറിറ്റി ആവശ്യപ്പെട്ടു.
ട്രാഫിക് ക്യാമറകള്‍ സ്ഥാപിച്ചതോടെ രാജ്യത്ത് വാഹനാപകടങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനിടെ സൗദിയിലെ റോഡപകട മരണങ്ങളില്‍ ഏകദേശം 35% കുറവ് വന്നതായി ലോകാരോഗ്യ സംഘന ഈ വര്‍ഷം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അമിതവേഗതയും ചുവപ്പ് സിഗ്നല്‍ അവഗണിക്കുന്നതുമാണ് വാഹനാപകട മരണങ്ങളുടെ ഏറ്റവും പ്രധാന കാരണങ്ങള്‍. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോവുന്നതും രാജ്യത്തെ അപകട മരണത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്. ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഉപയോഗം, അശ്രദ്ധ എന്നിവയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. വാഹനാപകട നിരക്ക് കുറച്ചുകൊണ്ടുവരാന്‍ സൗദി ജനറല്‍ ട്രാഫിക് അതോറിറ്റി ശ്രമങ്ങള്‍ നടത്തിവരികയാണ്.
https://www.facebook.com/Malayalivartha