വിമാനയാത്രയിൽ ഇന്റർനെറ്റ് ആക്സസ് ഇല്ലെന്ന വിഷമം ഇനി വേണ്ട, വിമാനയാത്രക്കാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം ഏർപ്പെടുത്തി ഖത്തര്‍ എയര്‍വേസ്, ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിൽ...!!!

വിമാനയാത്രയിൽ ഇന്റർനെറ്റ് ആക്സസ് ഇല്ലാത്തത് മൂലം വലിയ പ്രയാസമാണ് യാത്രക്കാർ അനുഭവിക്കുന്നത്. അത്യാവശ്യമായി ഓഫീസ് കാര്യത്തിന് ഒരു മെയിൽ അയയ്ക്കാനോ വിളിക്കാനോ പോലും നെറ്റുവർക്ക് കിട്ടില്ല എന്നതാണ് ഫ്ലൈറ്റ് യാത്രയുടെ ഒരു വലിയ പ്രശ്നമാണ്. എന്നാലിപ്പോൾ വിമാനങ്ങളിൽ യാത്രക്കാർക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പാക്കാൻ ചില എയർലൈൻസ് എങ്കിലും വൈഫൈ കണക്റ്റിവിറ്റി ഓപ്ഷൻ നൽകുന്നുണ്ട്.
യാത്രയ്ക്കിടയിൽ തന്നെ ബ്രൌസ് ചെയ്യാനും സോഷ്യൽ മീഡിയ ഉപയോഗിക്കാനുമെല്ലാം ഇതിലൂടെ സാധിക്കും. സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം യാത്രക്കാർക്ക് ഒരുക്കുന്ന വിമാനക്കമ്പനികളുടെ കൂട്ടത്തിൽ ഇനി ഖത്തര്‍ എയര്‍വേസ് ഉണ്ടാകും. വിമാനയാത്രക്കാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ് വിമാനക്കമ്പനി. ഇതിനായി എലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്കുമായി കരാറില്‍ ഒപ്പുവച്ചു, തെരഞ്ഞെടുക്കപ്പെട്ട ഏതാനും റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.
യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റാര്‍ ലിങ്കുമായുള്ള കരാര്‍. സൗജന്യ ഇന്റർനെറ്റ് സേവനം സജീവമാകുന്നതോടെ ആകാശ സഞ്ചാരത്തിനിടെ യാത്രക്കാർക്ക് സെകൻഡിൽ 350 മെഗാബൈറ്റ് വരെ അതിവേഗ വൈഫൈ സ്പീഡ് ആസ്വദിക്കാനാകും. വിനോദ, വിജ്ഞാന പരിപാടികൾ ആസ്വദിക്കാനും ഇഷ്ട കായിക മത്സരങ്ങളുടെ വീഡിയോ കാണുന്നതിനും തത്സമയ സംപ്രേഷണം, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങൾക്കും ഡാറ്റ ഉപയോഗപ്പെടുത്താം.
ലോകത്തിലെ ഏറ്റവും മികച്ച യാത്രാവിമാനമെന്ന നിലയിൽ മികച്ച അനുഭവം വാഗ്ദാനം ചെയ്യാൻ ഖത്തർ എയർവേയ്‌സ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപനം നടത്തികൊണ്ട് ഗ്രൂപ്പ് സി.ഇ.ഒ അക്ബർ അൽബാകിർ പറഞ്ഞു. സ്‍പേസ് എക്സിനു കീഴിലുള്ള സ്റ്റാർ ലിങ്കിന്റെ ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തുന്ന അഞ്ചാമത്തെ എയർലൈൻ കമ്പനിയായി മാറുകയാണ് ഖത്തർ എയര്‍ വേസ്.
ഇൻ-ഫ്ലൈറ്റ് വൈ-ഫൈ എന്ന് വിളിക്കുന്ന സംവിധാനത്തിലൂടെയാണ് വിമാനത്തിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭിക്കുന്നത്. ഇന്റർനെറ്റ് കണക്ഷൻ ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറുന്നതിനാൽ ഇപ്പോൾ ഇൻ-ഫ്ലൈറ്റ് വൈ-ഫൈ സേവനം നൽകുന്ന എയർലൈനുകളുടെ എണ്ണവും വർധിച്ച് വരികയാണ്. വിമാനത്തിൽ വൈഫൈ ലഭിക്കുന്നതിന് ചില എയർലൈൻസിൽ നേരത്തെ തന്നെ ബുക്ക് ചെയ്യേണ്ടി വരാറുണ്ട്. ചിലപ്പോൾ ഗോഗോ പോലുള്ള സേവനങ്ങളിലൂടെ വൺടൈം പാസും ലഭിക്കും.
വിമാനത്തിൽ ലഭിക്കുന്ന വൈഫൈയ്ക്ക് രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് ഉള്ളത്. ഗ്രൗണ്ട് ബേസ്ഡ് ആയ സ്റ്റിസ്റ്റമാണ് ആദ്യത്തേത്. നിങ്ങളുടെ സെൽ ഫോണിന് സമാനമായ രീതിയിൽ എയർ-ടു-ഗ്രൗണ്ട് ആയിട്ടാണ് ഈ വൈഫൈ സംവിധാനം പ്രവർത്തിക്കുന്നത്. വിമാനത്തിലുള്ള ആന്റിനയും സെൽ ടവറുകളും തമ്മിൽ കണക്റ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്. വിമാനം സഞ്ചരിക്കുമ്പോൾ റോളിങ് അടിസ്ഥാനത്തിൽ അടുത്തുള്ള ട്രാൻസ്മിറ്ററുമായി കണക്റ്റ് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്. സെൽ ടവറുകളും വിമാനത്തിലെ ആന്റീനയുമായി കണക്റ്റ് ചെയ്തതിലൂടെ ലഭിക്കുന്ന ഇന്റർനെറ്റ് ആക്സസ് വിമാനത്തിലെ ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ച് ആളുകൾക്ക് ലഭ്യമാക്കും. മെയിലുകൾ അയക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് എല്ലാം ഈ കണക്റ്റിവിറ്റി മതിയാകും. എന്നാൽ കടലിന് മുകളിലൂടെ പറക്കുമ്പോഴും മറ്റും ഈ കണക്ഷൻ ലഭിക്കുകയില്ല. ഇത്തരം അവസരങ്ങളിലാണ് രണ്ടാമത്തെ സിസ്റ്റമായ സാറ്റലൈറ്റ് കണക്റ്റിവിറ്റിയുടെ ഉപയോഗം.
https://www.facebook.com/Malayalivartha