ഈ ആറ് രാജ്യക്കാര്‍ക്ക് കൂടി അതിന് അവസരം, ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും അനുവദിച്ച് സൗദി അറേബ്യ

ആറ് രാജ്യക്കാര്‍ക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും അനുവദിച്ച് സൗദി അറേബ്യ. ഈ രാജ്യങ്ങളിലുള്ളവർ സൗദി സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ടൂറിസ്റ്റ് വിസക്കായി ഓണ്‍ലൈനായി അപേക്ഷിക്കുകയോ സൗദി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന മുറയ്ക്ക് വിസ നേടാനോ സാധിക്കുമെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു.
ആറ് രാജ്യക്കാര്‍ക്ക് കൂടി സൗകര്യം ഏർപ്പെടുത്തിയതോടെ ഇ-വിസയും ഓണ്‍ അറൈവല്‍ വിസയും ലഭിക്കുന്ന രാജ്യക്കാരുടെ എണ്ണം 63 ആയി. സൗദിയ, ഫ്‌ളൈ നാസ് വിമാനങ്ങളിലെ യാത്രക്കാർക്ക് 96 മണിക്കൂർ കാലാവധിയുള്ള ട്രാൻസിറ്റ് വിസയും അനുവദിക്കുന്നുണ്ട്. തുര്‍ക്കി, തായ്‌ലന്‍ഡ്, മൗറീഷ്യസ്, പനാമ, സീഷെല്‍സ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യക്കാര്‍ക്കാണ് ഇ വിസയും ഓണ്‍ അറവൈല്‍ വിസയും അനുവദിച്ചത്.
ഒരു വര്‍ഷം കാലാവധിയുള്ള ഇ വിസ ഉപയോഗിച്ച് നിരവധി തവണ ഈ രാജ്യക്കാർക്ക് സൗദി സന്ദര്‍ശിക്കാം. പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്നതാണ് ഇ വിസ. ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് പരിപാടികളിലും എക്‌സിബിഷനുകളിലും സമ്മേളനങ്ങളിലും പങ്കെടുക്കാനും ഹജ് കാലത്തൊഴികെ ഉംറ നിർവഹിക്കാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദർശിക്കാനും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും സാധിക്കുന്നതാണ്.ഹജ് സീസണിൽ ഉംറ കർമം നിർവഹിക്കാനും സഊദിയിൽ വേതനത്തിന് ജോലി ചെയ്യാനും വിസിറ്റ് വിസക്കാർക്ക് അനുവാദമില്ല.
ഓഗസ്റ്റിൽ എട്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് കൂടി സൗദി അറേബ്യയിലേക്ക് ഓൺ അറൈവൽ വിസിറ്റ് വിസ അനുവദിച്ച്രുന്നു. അസർബൈജാൻ, അൽബേനിയ, ഉസ്‌ബെകിസ്താൻ, ദക്ഷിണാഫ്രിക്ക, ജോർജിയ, താജിക്കിസ്താൻ, കിർഗിസ്താൻ, മാലിദ്വീപ് എന്നീ രാജ്യങ്ങളെ കൂടിയാണ് ഓൺലൈൻ വിസിറ്റ് വിസ അനുവദിക്കുന്ന പട്ടികയിൽ ടൂറിസം മന്ത്രാലയം ഉൾപ്പെടുത്തിയത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ഓൺലൈനായോ അല്ലെങ്കിൽ രാജ്യത്തെ വിമാനത്താവളങ്ങളിലോ, തുറമുഖങ്ങളിലോ റോഡ് മാർഗമുള്ള കവാടങ്ങളിലോ എത്തിയാൽ വിസ നേടാനാവും. ‘വിഷൻ 2030’ന്‍റെ ഭാഗമായി രാജ്യത്തിന്‍റെ ടൂറിസം മേഖലയുടെ വളർച്ചക്ക് അനുഗുണമാവാനാണ് ഈ നീക്കം.
https://www.facebook.com/Malayalivartha