സൗദിയിലെ മലയാളിക്ക് യുഎഇയിൽ നിന്ന് ആ മഹാഭാഗ്യം, മഹ്സൂസ് നറുക്കേടുപ്പിൽ സമ്മാനമായി ലഭിച്ചത് ഒരു ലക്ഷം ദിര്‍ഹം

വിവിധ ഗൾഫ് രാജ്യങ്ങളിലെ നിരവധി പ്രവാസി മലയാളികള്‍ അബുദാബി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നത്. വർഷങ്ങളായി സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ടിക്കറ്റ് എടുക്കുന്നവരാണ് അധികവും. എന്നാൽ ബിഗ് ടിക്കറ്റിൽ മാത്രം ഒതുങ്ങുന്നതല്ല മലയാളികളുടെ ഭാഗ്യപരീക്ഷണം. ജി സി സിയിലെ ആദ്യ പ്രതിവാര തത്സമയ നറുക്കെടുപ്പായ മഹ്സൂസലേക്കും ഇത് നീളുന്നു. എല്ലാ ആഴ്ചയിലും മില്യണ്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കുന്നു. മഹ്സൂസ് നറുക്കേടുപ്പിൽ പങ്കെടുക്കുന്ന മലയാളികൾക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
150ാമത് മഹ്‌സൂസ് സാറ്റര്‍ഡേ മില്യണ്‍സില്‍ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇത്തവണ ഒരു മലയാളിയാണ്. 26 വര്‍ഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഷഫീഖിന് 22,66,636 രൂപ ആണ് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സൗദിയില്‍ സീഫുഡ് ബിസിനസ് നടത്തുകയാണിദ്ദേഹം. ഒക്‌ടോബര്‍ 14ന് നടന്ന നറുക്കെടുപ്പിന്റെ കട്ട് ഓഫ് സമയത്തിന് തൊട്ടുമുമ്പാണ് ഷഫീഖ് ടിക്കറ്റെടുത്തത്. ഇലക്ട്രോണിക് നറുക്കെടുപ്പില്‍ തെളിഞ്ഞ ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണ് ഷഫീഖിന് സാറ്റര്‍ഡേ മില്യണ്‍സ് ഡ്രോയിലെ ഒരു ലക്ഷം ദിര്‍ഹമിന്റെ സമ്മാനം ലഭിക്കുന്നത്.
ഭാഗ്യസമ്മാനം തന്നെ തേടിയെത്തിയത് ഷഫീഖ് അറിഞ്ഞിരുന്നില്ല. നറുക്കെടുപ്പ് തല്‍സമയം കാണാതിരുന്നതിനാല്‍ മഹ്‌സൂസില്‍ നിന്ന് ഫോണ്‍കോളും ഇ-മെയിലും ലഭിച്ചപ്പോള്‍ ഷഫീഖിന് സന്തോഷം അടക്കാനായില്ല. എന്നാല്‍ ഈ വിവരം കേരളത്തിലുള്ള കുടുംബവുമായി തല്‍സമയം പങ്കിടുന്നതിന് ഫോണ്‍ ബന്ധം തടസ്സപ്പെട്ടതു കാരണം സാധിച്ചതുമില്ല. കേരളത്തിലെ കനത്ത മഴ കാരണം ഫോണ്‍ ശരിയാവുന്നതുവരെ ആകാംക്ഷയോടെ കാത്തിരുന്നതായും ഷഫീഖ് മഹ്‌സൂസ് സംഘാടകരോട് പറഞ്ഞു.
യുഎഇയിലെ പ്രശസ്തമായ നറുക്കെടുപ്പായ മഹ്‌സൂസില്‍ ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ പ്രതിവാര സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. മഹ്‌സൂസിന്റെ ഒരു കുപ്പിവെള്ളം വാങ്ങിയാല്‍ നറുക്കെടുപ്പില്‍ ആര്‍ക്കും പങ്കെടുക്കാം. 35 ദിര്‍ഹം നല്‍കി (793 രൂപ) കുപ്പിവെള്ളം വാങ്ങുമ്പോഴാണ് ടിക്കറ്റ് ലഭിക്കുക. മഹ്‌സൂസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് നറുക്കെടുപ്പില്‍ പങ്കെടുക്കാം.
എല്ലാ ശനിയാഴ്ചയും മൂന്ന് പേരെയാണ് ഒരു ലക്ഷം ദിര്‍ഹം സമ്മാനത്തിന് തിരഞ്ഞെടുക്കുന്നത്. സൗദി അറേബ്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ് പ്രവാസിയായ 34 കാരനായ ബയേജിദ്, മലേഷ്യയില്‍ നിന്നുള്ള 28 കാരനായ മുഹമ്മദ് എന്നിവരാണ് 1,00000 ദിര്‍ഹം സമ്മാനം ലഭിച്ച മറ്റു രണ്ടുപേര്‍.
https://www.facebook.com/Malayalivartha