ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരുമലയാളി കൂടി മരിച്ചു, ചികിത്സയിലിരിക്കെ മരിച്ചത് സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തിയ തലശ്ശേരി സ്വദേശി, ഏറെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ച സന്തോഷനിടെയാണ് അപകടത്തിൽ ജീവൻ നഷ്ടമായത്

ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടത്തിൽ ഒരുമലയാളി കൂടി മരിച്ചു. ചികിത്സയിലായിരുന്ന തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24) ആണ് മരിച്ച രണ്ടാമത്തെ മലയാളി. ദുബൈ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നിധിന്‍ ദാസ് മരിച്ചത്. സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തിയ നിധിന്‍ ദാസിന് ഏറെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു. അതിനിടയിലാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. മലപ്പുറം തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് അപകടത്തിൽ ആദ്യം മരണപ്പെട്ട മലയാളി.
ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായിരുന്നു. അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ബുധന്‍ പുലര്‍ച്ചെ 12.20ന് കരാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഫ്‌ലാറ്റില്‍ മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്. ഒരേ ഫ്‌ലാറ്റിലെ മൂന്ന് മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ മൊബൈല്‍ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴാണ് ഫ്‌ലാറ്റിലെ അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ശബ്ദം കേട്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങിയവരെ ഉള്‍പ്പെടെ തീ നാളങ്ങള്‍ പാഞ്ഞെത്തി തെറിപ്പിച്ചു. രണ്ട് പേര്‍ ബാത്‌റൂമുകളിലായിരുന്നു. ഇവര്‍ക്ക് ഗുരുതര പരിക്കേറ്റു. മിക്കവരും ബാച്ച്‌ലർ താമസക്കാരായിരുന്നുവെന്ന് ദുബൈയിലെ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പരിക്കേറ്റ ഭൂരിപക്ഷം പേരും മലയാളികളാണെന്നാണ് വിവരം.
അപകടത്തില്‍ പരിക്കേറ്റവരെ ദുബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷാനില്‍, നഹീല്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ദുബൈ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങൾ റാഷിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ അടുത്തുള്ള ഫ്‌ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരിക്കേറ്റതായാണ് വിവരം. അപകടത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha