ഇസ്രായേലിനെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടു, മലയാളി നഴ്‌സിനെ കുവൈറ്റ് നാടുകടത്തി

ഇസ്രായേലിനെ അനുകൂലിച്ച് മലയാളി നഴ്‌സിനെ കുവൈറ്റ് നാടുകടത്തി. പത്തനംതിട്ട സ്വദേശിനിക്കെതിരേയാണ് നടപടി. നഴ്‌സായ ഇവർ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം കുവൈറ്റില്‍ താമസിച്ചുവരികയായിരുന്നു. ഗാസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടതിനെ തുടർന്നാണ് ഇവർക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചത്. കുവൈറ്റ് സിറ്റിയിലെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുകയായിരുന്നു പത്തനംതിട്ട സ്വദേശിനി.
ആശുപത്രിയിലെ ബോംബാക്രമണത്തെയും പലസ്തീന്‍ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കഴിഞ്ഞയാഴ്ചയാണ് നഴ്‌സ് സമൂഹമാധ്യമത്തിലൂടെ ഇസ്രായേല്‍ അനുകൂല പോസ്റ്റിട്ടത്. കുവൈറ്റിലെ അഭിഭാഷകന്‍ അലി ഹബാബ് അല്‍ ദുവൈഖ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ നഴ്‌സിനെതിരെ പരാതി നല്‍കുകയായിരുന്നു. ഇസ്രായേലിനോട് കുവൈറ്റ് സ്വീകരിക്കുന്ന പൊതുനിലപാടുകള്‍ക്ക് വിരുദ്ധവും കുവൈറ്റ് ഭരണകൂടത്തോടുള്ള വെല്ലുവിളിയുമാണ് കുറിപ്പെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഴ്‌സിനെതിരേ അധികൃതര്‍ നേരത്തേ കേസെടുത്തിരുന്നു.
നഴ്‌സിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇവര്‍ പലസ്തീന്‍ വിദ്വേഷ പോസ്റ്റിട്ടത്. കുവൈറ്റില്‍ ആദ്യമായാണ് പലസ്തീന്‍ വിദ്വേഷ പോസ്റ്റിന്റെ പേരില്‍ കേസെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. കുവൈത്തിൽ നിന്ന് ഒരാളെ നാടുകടത്തിയാൽ തിരികെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.
https://www.facebook.com/Malayalivartha