സൗദിയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ, ടണലുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ മുങ്ങി, വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത

സൗദി അറേബ്യയിൽ വിവിധ പ്രവിശ്യകളിൽ വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം വിവിധയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക പ്രവിശ്യകളിലാണ് മഴ കനത്തത്. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ ഗതാഗത തടസ്സവും നേരിട്ടു. രാജ്യം ശൈത്യത്തിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നോടിയയാണ് മഴയെത്തിയത്.
പലയിടങ്ങളിലും കാറ്റിൽ നാശനഷ്ടങ്ങളും ഉണ്ടായി. റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക, ജിസാൻ, അസീർ, അൽബാഹ, മദീന, ഹാഇൽ, ഖസീം, തബൂക്ക്, അൽജൗഫ് വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും മഴ അനുഭവപ്പെട്ടു. കിഴക്കൻ പ്രവിശ്യയിൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. പലയിടങ്ങളിലും ഗതാഗത തടസ്സത്തിനും ഇത് ഇടയാക്കി.
വ്യാഴാഴിച്ച പെയ്ത മഴയിൽ ദമ്മാം എയർപോർട്ട്-അൽഖോബാർ റോഡിലെ പാലത്തിനടിയിലെ ടണലുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ മുങ്ങി. രാത്രി വൈകിയും വെള്ളം നിറഞ്ഞ് വാഹനങ്ങൾ മുങ്ങികിടന്നു. കനത്ത മഴക്കൊപ്പം പെയ്ത ആലിപ്പഴം വാഹനങ്ങളുടെ പുറത്തേക്ക് കനത്ത ശബ്ദത്തിൽ വീണതോടെ പലരും വാഹനങ്ങൾ വഴിയോരങ്ങളിലേക്ക് ഒതുക്കിനിർത്തി. പെയ്തുനിറഞ്ഞ മഴവെള്ളത്തിൽ നിരവധി വാഹനങ്ങൾ കുടുങ്ങിപ്പോയത്.
വെള്ളം പെയ്തുനിറഞ്ഞതറിയാതെ ഇടറോഡുകളിലേക്കെത്തിയ ചെറുവാഹനങ്ങളാണ് അധികവും പെട്ടുപോയത്. എൻജിനുകളിൽ വെള്ളംകയറി നിന്നുപോയ വാഹനങ്ങൾ റോഡിന് നടുവിൽ ഉപേക്ഷിച്ച് പലർക്കും നീന്തിക്കയറേണ്ടി വന്നു. ചെറിയ വാഹനാപകടങ്ങൾ ഉണ്ടാവുകയും റോഡുകളിൽ വെള്ളം കയറുകയും ചെയ്തതോടെ പലയിടത്തും കടുത്ത ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.രക്ഷാസേനയും പൊലീസും രക്ഷാദൗത്യങ്ങളുമായി രംഗത്തുണ്ട്.
കെട്ടിനിൽക്കുന്ന വെള്ളം ഒഴിക്കിവിടാനുള്ള ശ്രമമാണ് അധികവും നടക്കുന്നത്. വെള്ളം കയറിയ റോഡുകളിൽനിന്ന് വാഹനങ്ങൾ തിരിച്ചുവിട്ടതോടെ പലരും താമസസ്ഥലത്തേക്ക് തിരിച്ചെത്താൻ മണിക്കൂറുകൾ ഗതാഗതകുരുക്കുകളിൽ കഴിയേണ്ടി വന്നു. ഗതാഗതക്കുരുക്കിൽ പെട്ട് പെട്രോൾ തീർന്നുപോയ വാഹനങ്ങളും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. സൗദിയിൽ ശക്തമായ മഴയ്ക്കുള്ള ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ പിന്നാലെയാണ് മഴയെത്തിയത്.
https://www.facebook.com/Malayalivartha