യുഎഇയിൽ മഴയത്ത് അപകടകരമായ രീതിയില്‍ വാഹനാഭ്യാസ പ്രകടനം, 24കാറുകളും ബൈക്കുകളും പിടിച്ചെടുത്ത് ദുബായ് പോലീസ്, ഡ്രൈവര്‍മാര്‍ക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി

യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് അനുഭവപ്പെട്ടത്. പൊതുജന സുരക്ഷ കണക്കിലെടുത്ത് ഈ സമയങ്ങളിൽ വാഹനങ്ങളുമായി നിരത്തുകളിൽ ഇറങ്ങുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള പുതിയ നിയമങ്ങളും അതുപോലെ അധികൃതരുടെ നിർദേശം പാലിക്കണമെന്നും കർശന മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ നിയമലംഘനത്തിലേർപ്പെട്ട ഡ്രൈവര്‍മാര്‍ക്ക് 50,000 ദിര്‍ഹം പിഴ ചുമത്തിയിരിക്കുകയാണ് ദുബായ് പോലീസ്.
അത് 11 ലക്ഷത്തിലധികം ഇന്ത്യൻ രൂപവരും. നടപടിയുടെ ഭാഗമായി 24കാറുകളും ബൈക്കുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. മഴയത്ത് അപകടകരമായ രീതിയില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയതിനാണ് നടപടി. വാഹനാഭ്യാസം നടത്തിയ കുറ്റത്തിന് പുറമേ അശ്രദ്ധമായ ഡ്രൈവിങ്, ശബ്ദമലിനീകരണം, ഓടുന്ന കാറില്‍ നിന്ന് തല പുറത്തിടല്‍ തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയെന്നും ട്രാഫിക് പോലീസ് മോധാവി അറിയിച്ചു.
അതിവേഗത്തില്‍ പായുന്ന പിക്കപ്പ് ട്രക്കുകളിലെയും ബൈക്കുകളിലെയും ചില യാത്രക്കാര്‍ വാഹനമോടിക്കുന്നതിനിടെ എഴുന്നേറ്റ് നില്‍ക്കുകയും ശരീരം പകുതി പുറത്തേക്ക് തൂക്കിയിടുകയുമൊക്കെ ചെയ്താണ് നിയമവിരുദ്ധമായ അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്. മഴയില്‍ അപകടകരമായ വാഹന സ്റ്റണ്ടുകള്‍ നടത്തുകയും അരാജകത്വം സൃഷ്ടിക്കുകയും ചെയ്ത ഡ്രൈവര്‍മാരെ പിടികൂടിയതായി ദുബായ് പോലീസിലെ ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി അറിയിച്ചു.
അപകടകരമായി വാഹനമോടിക്കുന്ന വീഡിയോയും ഇന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. മിന്നുന്ന നിയോണ്‍ ലൈറ്റുകള്‍ ഉപയോഗിച്ചും മറ്റും മോടി കൂട്ടി പരിഷ്‌കരിച്ച വാഹനങ്ങള്‍ ഉപയോഗിച്ചാണ് റോഡില്‍ സ്റ്റണ്ടിനിറങ്ങിയത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ച് പോലീസ് മുന്നറിയിപ്പ് നല്‍കിവരുന്നതിനിടെ, അസ്ഥിരമായ കാലാവസ്ഥയില്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് ചിലര്‍ തുടരുകയാണെന്നും ഇത് ഗുരുതരമായ നിയമലംഘനമാണെന്നും മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂയി പറഞ്ഞു.
സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപായപ്പെടുത്തുന്ന വിധം ഡ്രൈവ് ചെയ്താല്‍ 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസം വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനം പിടിച്ചെടുത്താല്‍ ഡ്രൈവര്‍മാര്‍ക്ക് 50,000 ദിര്‍ഹം പിഴ ചുമത്താനും ട്രാഫിക് നിയമത്തില്‍ വ്യവസ്ഥയുണ്ട്. മഴയുള്ള കാലാവസ്ഥയിൽ താഴ്‌വരകൾക്കും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങൾക്കും അണക്കെട്ടുകൾക്കും സമീപം ഒത്തുകൂടിയാൽ 1,000 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
വെള്ളപ്പൊക്കമുള്ള താഴ്‌വരകളിൽ പ്രവേശിച്ചാൽ 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. അടിയന്തര ഘട്ടങ്ങളിൽ ട്രാഫിക്, ആംബുലൻസ് അല്ലെങ്കിൽ റെസ്ക്യൂ വാഹനങ്ങളെ തടസ്സപ്പെടുത്തിയാൽ 1,000 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഏത് കാലാവസ്ഥയിലും അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കാനും റോഡുകളിൽ അച്ചടക്കം പാലിക്കാനും അബുദാബി പോലീസ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha