കാര്‍ഷിക, ഇടയ വിസകള്‍ അംഗീകൃത സ്ഥാപനങ്ങള്‍ വഴി പരിമിത തോതില്‍

നിതാഖാത് പരിഷ്കരണങ്ങളുടെ ഭാഗമായി കാര്‍ഷിക തൊഴില്‍, മത്സ്യബന്ധനം, ഇടയന്‍, മൃഗസംരക്ഷണം തുടങ്ങിയ ഇനങ്ങളിലേക്കുള്ള വിസകള്‍ക്ക് പ്രത്യേക നിയമം കൊണ്ടുവരാന്‍ സൗദി തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നു. കാര്‍ഷിക രംഗവും മൃഗ സംരക്ഷണവും തമ്മില്‍ വ്യത്യാസം നിര്‍ണയിക്കാനും രണ്ടിനങ്ങളിലും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ വഴി വിസ അനുവദിക്കാനുമാണ് തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നത്.
ഇത്തരം തൊഴിലുകളിലേക്കുള്ള റിക്രൂട്ട്മെന്‍റിന് പ്രത്യേക നിയമം കൊണ്ടുവരും. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിസ അപേക്ഷിക്കുമ്പോള്‍ സ്വന്തം ആവശ്യങ്ങള്‍ക്കാണോ വാണിജ്യാവശ്യങ്ങള്‍ക്കാണോ എന്നു വ്യക്തമാക്കേണ്ടിവരും. അതോടെ ഈ മേഖലയില്‍ യഥേഷ്ടം വിസ ലഭിക്കുന്ന സാഹചര്യം ഇല്ലാതാകുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
ഇതിലൂടെ കാര്‍ഷികം, ജൈവ സമ്പത്ത് തുടങ്ങിയ മേഖലകളില്‍ വിസ അനുവദിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. വാണിജ്യ ആവശ്യങ്ങള്‍ക്കല്ലാതെ സ്വകാര്യ ഉപയോഗത്തിനും മറ്റും ആടുമാടുകളെ വളര്‍ത്തുന്നവരും കൃഷി നടത്തുന്നവരുമായ വ്യക്തികളുടെ പേരില്‍ ഇത്തരം വിസകള്‍ ധാരാളമായി കണ്ടെത്തിയതാണ് ഈ രംഗത്ത് പുതിയ നിബന്ധനകളേര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്.
ഇത്തരം വിസകള്‍ നിതാഖാത് പരിധിയിലോ സ്വദേശികവത്കരണത്തിന്‍ കീഴിലോ പെടുന്നില്ല. കാര്‍ഷിക തൊഴിലുകളിലേക്കും മല്‍സ്യ ബന്ധനം, ഇടയന്‍, മൃഗ സംരക്ഷണം തുടങ്ങിയ തൊഴിലുകളിലേക്കുമുള്ള വിസ അപേക്ഷകര്‍ക്ക് മറ്റു വിസകള്‍ക്കുള്ള അപേക്ഷകരെപോലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ആവശ്യമില്ലെന്ന ഇളവും ധാരാളം വിസകള്‍ ലഭ്യമാക്കാന്‍ വ്യക്തികള്‍ ഉപയോഗിച്ചതായും മന്ത്രാലയം കരുതുന്നു.
നിലവില്‍ ഇത്തരം വിസകള്‍ വലിയ നിബന്ധനകള്‍ കൂടാതെയാണ് അനുവദിക്കുന്നത്.
പുതിയ നിയമപ്രകാരം ഈ തൊഴിലുകളിലേക്ക് ഒരു വിദേശിയുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റുന്നതിനും പുതിയ വിസ അപേക്ഷിക്കുന്നതിനും കൃഷി മന്ത്രാലയത്തില്‍നിന്നുള്ള സമ്മത പത്രം നിര്‍ബന്ധമാക്കും.
സ്വന്തം ആവശ്യങ്ങള്‍ക്കായി ഇത്തരം ജോലിക്കാരെ നിയമിക്കുന്ന കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.
അതോടൊപ്പം ഗാര്‍ഹിക ജോലിക്കാരുടെ കാര്യത്തില്‍ സ്വീകരിച്ചപോലെ സ്വന്തം ആവശ്യങ്ങള്‍ക്ക് ഇത്തരം വിസയിലുള്ളവരെ രാജ്യത്തെ അംഗീകൃത ഏജന്‍സികള്‍ മുഖേന മാത്രമേ റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ എന്ന നിയമം കര്‍ശനമാക്കും.
വ്യക്തമായ തൊഴില്‍ കരാറിന്‍ അടിസ്ഥാനത്തിലുള്ള ഇവരുടെ വേതനവും മറ്റു ആനുകൂല്യങ്ങളും ഇത്തരം ഏജന്‍സികള്‍ മുഖേനയായിരിക്കും വിതരണം ചെയ്യുക.
കുടുംബ രെഡവര്‍ വിസയിലെത്തി രാജ്യത്ത് തൊഴില്‍ ചെയ്തിരുന്നത് പോലെ ധാരാളം പേര്‍ കാര്‍ഷിക വിസകളിലും മൃഗ സംരക്ഷണ വിസയിലുമെല്ലാം ഇപ്പോഴും മറ്റു തൊഴിലുകള്‍ ചെയ്ത് രാജ്യത്ത് തങ്ങുന്നതായി തൊഴില്‍ മന്ത്രാലയ- ഡാറ്റാ ബേസ് മുഖേന തിരിച്ചറിഞ്ഞതാണ് ഈ രംഗത്ത് പുതിയ നിതാഖാത് പരിഷ്കരണം കൊണ്ടുവരാന്‍ തൊഴില്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നതെന്ന് കരുതുന്നു.
‘ഫ്രീ വിസ’ ധാരാളമായി വാണിജ്യവത്കരിക്കപ്പെട്ടിരുന്ന കാലത്ത് ഇത്തരം കാറ്റഗറിയില്‍പ്പെട്ട വിസകള്‍ കുറഞ്ഞ സംഖ്യക്ക് ലഭ്യമായിരുന്നുവെന്നതാണ് അനേകമാളുകളെ ഈ വിസകളില്‍ ജോലിക്കത്തൊന്‍ സഹായിച്ചത്. വിസ അനുവദിക്കുന്നതില്‍ വലിയ നിബന്ധനകളൊന്നുമില്ലാത്തത് കാരണം സ്വദേശികള്‍ക്ക് ഇത്തരം ഇനങ്ങളില്‍ വിസ യഥേഷ്ടം ലഭ്യമായതും ധാരാളമാളുകള്‍ക്ക് വിസ സമ്പാദിക്കാന്‍ സഹായകമായി.
എന്നാല്‍ പുതിയ പരിഷ്കരണത്തോടെ ഇത്തരം പ്രവണതകള്‍ക്ക് അറുതിവരുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
https://www.facebook.com/Malayalivartha