കനത്ത മൂടൽ മഞ്ഞ്;അബുദാബിയിൽ നിന്നും കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങൾ വൈകി

യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വെള്ളിയാഴ്ച കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ഇതുവഴിയുള്ള വിമാന സർവീസുകളെ മഞ്ഞ് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. കേരളത്തിലെ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിമാനങ്ങൾ വൈകിയെന്ന് അധികൃതർ അറിയിച്ചു.
ക്രിസ്മസ് അവധി ആഘോഷിക്കാൻ യാത്രയ്ക്കൊരുങ്ങിയ പലരുടെയും യാത്ര മൂടൽമഞ്ഞ് മൂലം വൈകി. അർധരാത്രി മുതലാണ് മഞ്ഞ് വിമാന ഗതാഗതത്തെ മോശമായി ബാധിച്ചത്. അബുദാബിയിൽ നിന്ന് ന്യൂഡൽഹി, മുംബൈ, ജിദ്ദ, ബഹ്റൈൻ, മസ്കത്ത്, കയ്റോ, ഇസ്‍ലാമാബാദ്, ധാക്ക, ജക്കാർത്ത, കാഠ്മണ്ഡു, കൊളംബോ, മനില, മെൽബൺ, സിഡ്നി, ലൊസാഞ്ചലസ്, ഡാലസ്, പാരിസ്, ഫുക്കറ്റ്, ആതൻസ്, റോം, ഡബ്ലിൻ, ബെയ്റൂട്, ആംസ്റ്റർഡാം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളാണ് വൈകിയത്.
കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, ഹൈദരബാദ്, പൂണെ, ജിദ്ദ, മസ്കത്ത്, ബഹ്റൈൻ, കുവൈത്ത്, കയ്റോ, ന്യൂഡൽഹി, ബ്രിസ്ബെൻ, ധാക്ക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും അബുദാബിയിലേക്ക് വന്ന വിമാനങ്ങളും മണിക്കൂറുകൾ വൈകി.
അബുദാബി നഗരം, അൽ ദഫിറ മേഖലയുടെ പലഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ശക്തമായ മൂടൽ മഞ്ഞ്. 500 മീറ്ററിനും ഒരു കിലോമീറ്ററിനും ഇടയിൽ മാത്രമാണ് കാഴ്ചയുണ്ടായിരുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha