കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസ് ട്രെയിനിലേയ്ക്ക് വൈദ്യുതിയെത്തിക്കുന്ന പാന്റോഗ്രഫില് പാമ്പ് കുടുങ്ങി
കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്സ്പ്രസ് വഴിയിലായി. ഇന്നലെ രാവിലെ 8.15-ന് കോട്ടയം - എറണാകുളം പാതയില്‍ വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. റെയില്‍വേ ഇലക്ട്രിക് ലൈനില്‍ നിന്നു ട്രെയിനിലേക്കു വൈദ്യുതിയെത്തിക്കുന്ന പാന്റോഗ്രഫില് പാമ്പ് കുടുങ്ങിയതാണ് കാരണം.
രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്കു ട്രെയിന്‍ പ്രവേശിക്കുമ്പോഴാണ് എന്‍ജിന്റെ (ലോക്കോ) മുകളിലുള്ള പാന്റോഗ്രഫില് പാമ്പ് കുടുങ്ങിയത്. ഇതോടെ എന്‍ജിനിലേക്കുള്ള വൈദ്യുതി ബന്ധം നിലച്ച് എന്ജിന് ഓഫായി. ഏറെ നേരത്തെ പരിശോധനകള്‍ക്കു ശേഷമാണ് പാന്റോഗ്രാഫില്‍ പാമ്പ് കുടുങ്ങിക്കിടക്കുന്നതു ജീവനക്കാര്‍ കണ്ടെത്തിയത്. പാമ്പിനെ നീക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
പിന്നീട് കോട്ടയത്തു നിന്നു പാലരുവി എക്സ്പ്രസില്‍ ജീവനക്കാരെത്തി ലൈനിലും പാന്റോഗ്രഫിലുമായി കുരുങ്ങിക്കിടന്ന പാമ്പിനെ നീക്കം ചെയ്തു. കോട്ടയം - എറണാകുളം റോഡില്‍ വൈക്കം റോഡിനു സമീപമുള്ള പാലത്തില്‍ നിന്നാകാം പാമ്പ് ട്രെയിനിനു മുകളിലേക്കു വീണതെന്നു കരുതുന്നു.
വിവേക് എക്സ്പ്രസ് വഴിയില്‍ കുടുങ്ങിയെങ്കിലും മറ്റു ട്രെയിനുകള്‍ ഒന്നാം നമ്പര്‍ പാതയിലൂടെ കടത്തിവിട്ടതിനാല്‍ ഗതാഗത തടസ്സമുണ്ടായില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha