സ്വര്‍ഗത്തിലെത്തിക്കാന്‍ ഒരു കത്ത്, മരിച്ചു പോയ അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ മകന്റെ കത്തും അതിനു ലഭിച്ച മറുപടിയും

സ്‌കോട്ട്‌ലന്‍ഡിലെ ബ്ലാക്ക് ബേണ്‍ സ്വദേശിയായ ജാസ് എന്ന 7 വയസ്സുകാരന്‍ മരണമടഞ്ഞ തന്റെ പിതാവിന്റെ പിറന്നാള്‍ ദിനത്തില്‍ സ്വര്‍ഗത്തിലേക്ക് അയച്ച നിഷ്‌ക്കളങ്കമായ കത്തും അതിന് ലഭിച്ച മറുപടിയുമാണ് സോഷ്യല്‍മീഡിയയുടെ കൈയടി നേടുകയാണ്. ടെറി കൊപ്ലാന്‍ഡാണ് തന്റെ മകന്‍ ജാസ്, പിതാവിന് സ്വര്‍ഗത്തിലേക്ക് അയച്ച കത്തും അതിനു ലഭിച്ച മറുപടിയും ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.
'മിസ്റ്റര്‍ പോസ്റ്റ്മാന്‍, ഈ കത്ത് സ്വര്‍ഗത്തില്‍ എത്തിക്കാമോ, ഇന്ന് എന്റെ അച്ഛന്റെ പിറന്നാളാണ്' എന്നായിരുന്നു ടെറിയുടെ ഏഴുവയസുകാരനയ മകന്‍ സ്വര്‍ഗത്തിലേക്ക് അയച്ച കത്തില്‍ എഴുതിയിരുന്നത്.
ഈ കത്ത് ശ്രദ്ധയില്‍പ്പെട്ട ഡെലിവറി ഓഫീസ് മാനേജര്‍ ഇപ്രകാരം മറുപടി നല്‍കി. 'പ്രിയപ്പെട്ട ജാസ്, നിന്റെ കത്ത് സ്വര്‍ഗത്തിലേക്ക് അയക്കാന്‍ നേരം ഞങ്ങള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിച്ചു. മാത്രമല്ല സ്വര്‍ഗത്തിലുള്ള ഡാഡിയുടെ അടുക്കല്‍ ഈ കത്ത് എത്തിക്കുവാന്‍ ഞങ്ങള്‍ വിജയിച്ചത് എങ്ങനെയാണെന്നും നിന്നോട് പറയുവാന്‍ ആഗ്രഹിക്കുന്നു. ബഹിരാകാശ വസ്തുക്കളെയും നക്ഷത്രങ്ങളെയും മറികടന്ന് അവിടെ എത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. പക്ഷെ ഈ കത്ത് അവിടെ എത്തിയെന്ന് ഞങ്ങള്‍ക്ക് ഉറപ്പു വരുത്തണമായിരുന്നു. സുരക്ഷിതമായി കത്തുകളെത്തിക്കുവാന്‍ ഞങ്ങള്‍ എപ്പോഴും കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ട്. ഈ കത്ത് സ്വര്‍ഗത്തില്‍ എത്തിയെന്ന് ഉറപ്പുവരുത്താന്‍ എന്നാല്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. സ്‌നേഹത്തോടെ, സീന്‍ മിലിഗണ്‍, അസിസ്റ്റന്റ് ഡെലിവറി ഓഫീസ് മാനേജര്‍'.
ഈ കത്ത് കണ്ട മകന്‍ എത്രത്തോളം സന്തോഷിച്ചുവെന്ന് ജാസിന്റെ അമ്മ ഫേസ്ബുക്കില്‍ വ്യക്തമാക്കി. മാത്രമല്ല തങ്ങളെ അറിയാത്ത ഒരാള്‍ ഇത്രയും ബുദ്ധിമുട്ടി തന്റെ മകനെ സന്തോഷിപ്പിച്ചതില്‍ താന്‍ അതിയായി സന്തോഷിക്കുന്നുവെന്നും ടെറി പറഞ്ഞു.
https://www.facebook.com/Malayalivartha


























