'ഏട്ട് മൂത്ത് എസ്സ് ഐ ആകാം', പക്ഷേ വക്കീല്‍ ഗുമസ്തനായി എത്ര കാലം പണിയെടുത്താലും വക്കീല്‍ ആവുമോ...എല്ലാവരും ആവില്ല, പക്ഷേ സിനോരാജ് ആകും!
ഹെഡ് കോണ്‍സ്റ്റബിളായി വളരെക്കാലം സര്‍വ്വീസുള്ളവര്‍ക്ക് എസ്സ് ഐ പദവി ലഭിക്കാറുണ്ട്. അതുപോലെ വക്കീല്‍ ഗുമസ്തനായി ജോലി ചെയ്താല്‍, ആരെങ്കിലും വക്കീലാക്കുമോ? എന്നാല്‍ 18 വര്‍ഷമായി വക്കീല്‍ ഗുമസ്തനായി ജോലി നോക്കിയിരുന്ന സിനോരാജ് വക്കീല്‍ കുപ്പായമണിയുന്നു; അതും വക്കീല്‍ ഗുമസ്തനായിരുന്ന പിതാവിന്റെ പത്താം ചരമവാര്‍ഷിക ദിനത്തില്‍.
കാഞ്ഞങ്ങാട്ടെ സീനിയര്‍ വക്കീല്‍ ഗുമസ്തനായിരുന്ന കാഞ്ഞങ്ങാട് മാണിക്കോത്തെ പി.വി.ദാമോദരന്റെ മകന് കരിവെള്ളൂര്‍ കൊഴുമ്മലിലെ ഡി.കെ.സിനോരാജാണ് ശനിയാഴ്ച ഹൈക്കോടതി കോംപ്ലക്സില്‍ നടന്ന സന്നദ് ദാന ചടങ്ങില്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. ഹൈക്കോടതി ജഡ്ജി അനുശിവരാമന്റെ കയ്യില്‍ നിന്നാണു സന്നദ് ഏറ്റുവാങ്ങിയത്.
പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം 2001-ല്‍ പിതൃസഹോദരന് കൂടിയായ കാഞ്ഞങ്ങാട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന് പി.വി.മുരുകനൊപ്പം ജോലി തുടങ്ങി. സിനോരാജിനെ അഭിഭാഷകനാക്കണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നു.
ജോലിക്കൊപ്പം ഭോപ്പാലിലെ നാഷണല്‍ ലോ അക്കാദമിയിലെ എയിസെക്ട് സ്കൂള്‍ ഓഫ് ലോയില്‍ നിന്നാണ് എല്എല്ബിയെടുത്തത്. 2009-ല്‍ ഏപ്രില്‍ 16-ന് മരിച്ച പിതാവിന്റെ പത്താം ഓര്‍മദിനത്തില്‍ സിനോരാജ് വക്കീല്‍ കോട്ടണിയും. ഹൊസ്ദുര്‍ഗ് ബാറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വക്കീല്‍ ഗുമസ്തന് ജോലിക്കിടെ നിയമം പഠിച്ചു അഭിഭാഷകനായി എന്റോള്‍ ചെയ്യുന്നത്.
https://www.facebook.com/Malayalivartha