60 അടിയിലധികം നീളവും 15 അടി ഉയരവുമുള്ള ചുവരെഴുത്ത്!
പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിനു വോട്ടഭ്യര്‍ഥിച്ചു കൊണ്ടുള്ള ഒരു പടുകൂറ്റന്‍ ചുവരെഴുത്ത് കൗതുകമാകുന്നു. കൊല്ലം-ഡിണ്ടിഗല്‍ ദേശീയപാതയോരത്ത് (കെ കെ റോഡ്)പുളിക്കല്കവലയ്ക്കു സമീപം പതിനഞ്ചാം മൈലിലാണ് ഈ കൂറ്റന്‍ ചുവരെഴുത്ത്.
കോട്ടയം ജില്ലയിലെന്നല്ല, സംസ്ഥാനത്തു മറ്റൊരിടത്തും തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്രയും വലിയ ചുവരെഴുത്ത് ഉണ്ടാകാന്‍ സാധ്യതയില്ല. ദേശീയപാതയ്ക്ക് അഭിമുഖമായുള്ള ചുവരിന് 60 അടിയിലധികം നീളവും 15 അടി ഉയരവുമാണുള്ളത്. കിഴക്കോട്ട് പോകുമ്പോള്‍ കാണാന്‍ കഴിയുന്ന ഈ ചുവരിന്റെ ബാക്കി ഭാഗത്തിന് 25 അടി നീളവും 15 അടി പൊക്കവുമുണ്ട്. ആകെ ചുവരെഴുത്തിന്റെ വലുപ്പം 85 അടി നീളവും 15 അടി ഉയരവും.
കെട്ടിടം പണിയാനായി കല്‍ക്കെട്ടിനു പകരം കോണ്‍ക്രീറ്റ് ചെയ്ത് മണ്ണിട്ടു നികത്തിയതാണ്. ഈ കോണ്ക്രീറ്റിലാണ് ചുവരെഴുത്ത് നടത്തിയത്. കോട്ടയം ജില്ലയിലെ കാനം സ്വദേശി പാണ്ടിക്കര വീട്ടില്‍ ജിജി എന്ന ചിത്രകാരന്റെ കരവിരുതാണ് ഈ ചുവരെഴുത്തിലൂടെ തെളിയുന്നത്.പൊള്ളുന്ന വേനലായതിനാല്‍ രാത്രിയിലായിരുന്നു ചുവരെഴുത്ത്. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ ഒരു മണിവരെ എഴുതും. സ്ഥാനാര്‍ഥിയുടെ ചിത്രം ഫ്ലക്സ് ബോര്‍ഡില്‍ നിന്നു വെട്ടിയെടുത്ത് ഒട്ടിച്ച ശേഷം ബോര്‍ഡര്‍ കൊടുത്തു മനോഹരമാക്കുകയായിരുന്നു.
ചുവരെഴുത്ത് പൂര്‍ത്തിയാക്കാന്‍ മൂന്നു ദിവസം എടുത്തു. വെളിച്ചവും മറ്റു സംവിധാനങ്ങളും ഒരുക്കി കൂട്ടുകാരും കൂടെയുണ്ടായിരുന്നു. ബ്രഷും ഒപ്പം കംപ്രസറും ഉപയോഗിച്ചാണ് ചുവരെഴുത്ത് നടത്തിയത്.എപി ആര്‍ട്സില്‍ ചിത്രകലയില്‍ ഡിപ്ലോമ നേടിയ ജിജി ചങ്ങനാശേരിയിലും കൊല്ലത്തുമുള്ള രണ്ടു പരസ്യക്കമ്പനിയില്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. 20 വര്‍ഷമായി ആര്‍ട്ടിസ്റ്റായി ജോലി നോക്കുന്ന ജിജി ഇപ്പോള്‍ സ്വന്തമായി വര്‍ക്കുകള്‍ എടുത്തു ചെയ്യുകയാണ്. പരേതരായ ഏബ്രഹാം-കുഞ്ഞമ്മയുടെ മകനാണ് ജിജി. ഭാര്യ: ജോമോള്‍. മക്കള്‍: സാനിയ, സഞ്ജയ്. ഏകസഹോദരന് ജിജോ.
https://www.facebook.com/Malayalivartha