സമ്മാനം കൊയ്യാനും, കൃഷിയിലെ പോലെ തന്നെ മിടുക്കനാണ് ഷിജു പന്തല്ലൂര്‍
യുവ ഫോട്ടോഗ്രാഫറായ ഷിജു പന്തല്ലൂര്‍ കണിവെള്ളരി കൃഷിയിലും നൂറുമേനി വിളവെടുക്കുകയാണ്. കാര്‍ഷിക ഫോട്ടോഗ്രഫിയില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ ഷിജു കാമറക്കൊപ്പം കൈക്കോട്ടും കൈയിലെടുക്കുന്നു.
പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരിലുള്ള സ്വന്തം കൃഷിനിലത്തിലാണ് ഷിജു വെള്ളരികൃഷി ചെയ്തിട്ടുള്ളത്. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വിളയിച്ചെടുത്ത സ്വര്‍ണനിറമുള്ള വെള്ളരികായ്കള് വിളവെടുക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഷിജു. കഴിഞ്ഞ അഞ്ചുവര്‍ഷമായി വേനലില്‍ ഷിജു വെള്ളരികൃഷി ചെയ്യുന്നുണ്ട്.
രാവിലെ പാടത്തെത്തി വെള്ളരിവള്ളികളെ പരിചരിക്കുന്ന ഈ 40-കാരന് കൃഷിപണികള്ക്കു ശേഷമാണ് ഫോട്ടോഗ്രഫിയുടെ തിരക്കുകളിലേക്ക് തിരിയുന്നത്. ജനുവരി അവസാനത്തിലാണ് വെള്ളരിവിത്തുകള്‍ പാകി ഷിജു കൃഷി തുടങ്ങിയത്. മാതാപിതാക്കളും ഷിജുവിനോടൊപ്പം പാടത്തിറങ്ങും.
പൂര്‍ണമായും ജൈവവളം ഉപയോഗിച്ച കൃഷിയുടെ വിളവെടുപ്പ് ഈ മാസം ആദ്യവാരത്തില്‍ തുടങ്ങി. കിലോയ്ക്കു 20 രൂപ നിരക്കിലാണ് വെള്ളരിക്ക വിറ്റുപോകുന്നതെന്ന് ഷിജു പറഞ്ഞു. 30 സെന്റ് നിലത്തില്‍ നിന്ന് ഇതുവരെ രണ്ടു ടണ്ണിലേറെ വെള്ളരിക്കയാണ് ഈ കര്ഷകന് ലഭിച്ചത്.
സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിച്ച കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനവും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, ജൈവ വൈവിധ്യ ബോര്‍ഡ് എന്നിവ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരങ്ങളില്‍ പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചിട്ടുള്ളയാളാണ് ഷിജു.
https://www.facebook.com/Malayalivartha