സര്‍ക്കസ് പഠിച്ച ആന രണ്ട് കാലില്‍ നില്‍ക്കും; എന്നാല്‍ ഒരു കാട്ടാന ഈ അഭ്യാസത്തില്‍ വിജയിച്ചാലോ...ചിത്രങ്ങള്‍ കൗതുകമുണര്‍ത്തുന്നു!

സാധാരണ സര്‍ക്കസ് കൂടാരങ്ങളില്‍ അഭ്യാസപ്രകടനം നടത്തുന്ന ആനകള്‍ പിന്‍കാലില്‍ ഉയര്‍ന്നു നില്‍ക്കുകയും സൈക്കിള്‍ ചവിട്ടുകയുമൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ കാട്ടാനകള്‍ വിചാരിച്ചാലും പിന്‍കാലില്‍ ഉയര്‍ന്നു നില്‍ക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കാട്ടാന.
ഈ പാവം കാട്ടാനയുടെ അഭ്യാസപ്രകടനം ആഹാരത്തിനു വേണ്ടിയുള്ള ശ്രമമായിരുന്നു. വലിയ മരത്തില്‍ നിറഞ്ഞു നില്‍ക്കുന്ന പച്ചിലകളാണ് ആനയെ കൊതിപ്പിച്ചത്. താഴെ നിന്ന് തുമ്പിക്കൈ ഉയര്‍ത്തിയാല്‍ കിട്ടില്ലെന്നു മനസ്സിലാക്കിയാണ് പിന്‍കാലില്‍ ഉയര്‍ന്ന് നിന്ന് ഇലകള്‍ കൈക്കലാക്കാന്‍ ശ്രമിച്ചത്.
സിംബാബ്വേയിലെ മനാപൂള്‍ ദേശീയ പാര്‍ക്കില്‍ നിന്നാണ് ഫൊട്ടോഗ്രഫറായ ബോബി ജോ വിയാല്‍ ആഫ്രിക്കന്‍ ആനയുടെ അപൂര്‍വ ചിത്രങ്ങള്‍ പകര്‍ത്തിയത്. തന്റെ ഫൊട്ടോഗ്രഫി ജീവിതത്തിലെ അപൂര്‍വ ചിത്രങ്ങളാണിതെന്ന് ബോബി വ്യക്തമാക്കി.
ആഫ്രിക്കന്‍ കൊമ്പനാനകളുടെ സ്വഭാവ സവിശേഷതയാണിത്. മനാപൂളിലെ മിക്ക കൊമ്പനാനകളും ഈ രീതി പരീക്ഷിക്കുന്നവരാണ്. വേനല്‍ക്കാലത്ത് ചുറ്റുമുള്ള കുറ്റിച്ചെടികളും പുല്ലുമൊക്കെ തീരുമ്പോഴാണ് ആനകള്‍ വലിയ മരത്തിന്റെ ഇലകള്‍ ഭക്ഷിക്കാന്‍ തുടങ്ങുന്നത്. കൂറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പും മനാപൂളില്‍ നിന്നും ഇത്തരത്തിലുള്ള ഒരു ചിത്രം പുറത്തു വന്നിരുന്നു.

പിന്‍കാലില്‍ ബലം കൊടുത്ത് മുന്‍കാലുകള്‍ ഉയര്‍ത്തി നിന്ന് തുമ്പിക്കൈകൊണ്ട് മരത്തിന്റെ ശിഖരം ഒടിച്ച് ഇലകള്‍ ഭക്ഷിക്കുന്ന കാട്ടാനയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.
https://www.facebook.com/Malayalivartha























