ഈ കുഞ്ഞന്‍ കാറുകള്‍ കളിപ്പാട്ടകാറുകള് അല്ല, ഒറിജിനലിന്റെ ചെറു പതിപ്പായ ഡൈകാസ്റ്റ് കാറുകളാണ്, ബിനുവിന്റെ ശേഖരത്തില്‍ ഉള്ളത് 1000 മോഡലുകള്‍!
കുഞ്ഞന്‍ കാറുകളെല്ലാം കളിപ്പാട്ടകാറുകള് അല്ലഇതു വെറും പ്ലാസ്റ്റിക്ക് കാറുകളല്ല, ഡൈകാസ്റ്റ് മെറ്റലില്‍ തീര്‍ത്ത, ഒറിജിനലിന്റെ ചെറു പതിപ്പായ ഡൈകാസ്റ്റ് കാറുകളുണ്ട്. 1:18 എന്ന അനുപാതത്തിലാണ് ഈ കാറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഡൈകാസ്റ്റുകളുടെ ഇടയില്‍ ഡോര്‍ തുറക്കാനും സ്റ്റിയറിങ്ങ് തിരിക്കാനും തുടങ്ങി ടയര്‍ തിരിക്കാന്‍ വരെ സാധിക്കുന്ന മോഡല്‍ വരെയുണ്ട് .
കോട്ടയം സ്വദേശി ബിനു ജേക്കബിന്റെ കാറിഷ്ടങ്ങളുടെ പ്രത്യേകതയും അതുതന്നെയാണ്. ഒറിജിനലിനെ വെല്ലുന്ന ഡൈകാസ്റ്റ് കാറുകളോടാണ് ബിനുവിന്റെ പ്രിയം. ഈ ഇഷ്ടം കൊണ്ടെത്തിച്ചത് ആയിരത്തില്‍ അധികം ഡൈകാസ്റ്റ് കാറുകളിലാണ്.
ചെറുപ്പത്തില്‍ കളിപ്പാട്ടകാറുകളുണ്ടായിരുന്നു. പക്ഷേ അതൊക്കെ നശിച്ചുപോയി എന്നാണ് ബിനു പറയുന്നത്. ഇപ്പോഴത്തെ ഈ ശേഖരം തുടങ്ങിയത് മുപ്പതു വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ആയിരത്തില്‍ അധികം കാറില്‍ എത്തി നില്ക്കുന്നു. ഇപ്പോള്‍ കുറച്ചു കാറുകള്‍ മാത്രമേ വീട്ടില്‍ പ്രദര്ശിപ്പിച്ചിട്ടുള്ളു. ബാക്കി കാറുകള്‍ പെട്ടിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. മുഴുവന്‍ കാറുകളും പ്രദര്‍ശിപ്പിക്കുന്നതിനായി ഒരു മുറി ഒരുക്കണം എന്നാണ് ബിനുവിന്റെ ആഗ്രഹം.
ബെന്‍സിന്റെ കാറുകളാണ് ഏറ്റവും കൂടുതല്‍. ഏകദേശം 150 ബെന്‍സ് കാറുകള്‍ ശേഖരത്തിലുണ്ടെന്ന് ബിനു പറയുന്നു. ബെന്‍സിന്റെ ആദ്യ കാറായ 1885 മോഡല്‍ മോട്ടര്വാഗണ്, 1888 കാര്‍ തുടങ്ങി ഒട്ടുമിക്ക മോഡലുകളുമുണ്ട്. ബെന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലാന്‍ഡ് റോവറാണ്. ഏകദേശം 12 ലാന്‍ഡ് റോവറുകളുണ്ട് കളക്ഷനില്‍. കൂടാതെ റോള്‍സ് റോയ്സ്, ബിഎംഡബ്ല്യു തുടങ്ങി വാഹന ലോകത്തെ സൂപ്പര്‍താരങ്ങള്‍ നിരവധി ഈ ശേഖരത്തിലുണ്ട്.
1500 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള കാറുകളുണ്ട്. ഓരോ മോഡലിന്റെയും ബ്രാന്‍ഡുകളുടെയും വ്യത്യാസം അനുസരിച്ച് വില കൂടിയും കുറഞ്ഞും ഇരിക്കും. ഇവ എല്ലാകാലവും പുതിയതുപോലെ സൂക്ഷിക്കാനാണ് ഏറെ പാട്, എല്ലാ ഞായറാഴ്ചകളിലും അവ വൃത്തിയാക്കാറുണ്ട്.
കുഞ്ഞന്‍ കാറുകളോടുള്ള ഇഷ്ടം പോലെ വിനു ഉപയോഗിക്കുന്ന കാറുകളും പഴയ മോഡലാണ്. 1959 മോഡല്‍ മാര്‍ക്ക് വണ്‍ അംബാസിഡറും പഴയ ഹോണ്ട സിറ്റിയുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
മുപ്പതു വര്‍ഷത്തെ വാഹനശേഖരം ആയിരത്തില്‍ എത്തിനില്ക്കുമ്പോള്, ഇനിയും കുഞ്ഞന്‍ കാറുകള്‍ സ്വന്തമാക്കാനാണ് ബിനുവിന്റെ ആഗ്രഹം. യാത്ര പോകുമ്പോള്‍ കാറുകള്‍ കൂടെ കരുതുന്ന ബിനു നല്ലൊരു ലൊക്കേഷന്‍ കണ്ടാല്‍ കുഞ്ഞന്‍ വാഹനങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനും മറക്കാറില്ല.
"https://www.facebook.com/Malayalivartha