സ്‌നേഹിച്ചു… പക്ഷേ ജീവിക്കാനായി ഓടുന്നു; സ്‌നേഹിച്ചതിന്റെ പേരില്‍ നാടു വിടല്‍ പിന്നെ കല്യാണം; എന്നിട്ടും തീരുന്നില്ല

മതേതരത്വം പ്രസംഗിക്കാന്‍ കൊള്ളാമെങ്കിലും ജീവിതത്തോടടുക്കുമ്പോള്‍ കടുപ്പം തന്നെയാണ്. മുസ്ലീം യുവതിയെ സ്‌നേഹിച്ച ഹിന്ദു യുവാവ് ഇപ്പോള്‍ നെട്ടോട്ടത്തിലാണ്.
കോഴിക്കോടിനടുത്ത് പേരാമ്പ്രയിലാണ് സംഭവം. പാലേരി സ്വദേശി ഗൗതമും ഏഴെട്ടു കിലോമീറ്റര്‍ അകലെ പന്തിരിക്കരയിലുള്ള അന്‍ഷിദയും ആത്മാര്‍ത്ഥ പ്രണയത്തിലാണ്. എന്നാല്‍ ഇവരുടെ പ്രണയം നാട്ടില്‍ വാര്‍ത്തയായപ്പോള്‍ അവര്‍ക്ക് മതമൗലികവാദികളുടേയും സദാചാരഗുണ്ടകളുടേയും ക്വട്ടേഷന്‍ ടീമുകളുടേയും ഭീഷണിയുണ്ടായി. തുടര്‍ന്ന് നാടും വീടും വിട്ട് അവര്‍ ബാംഗ്ലൂരിലേക്കോടി.
ഇവര്‍ കഴിഞ്ഞ മാസം ബാഗ്ലൂരില്‍ നിന്നും കോഴിക്കോട്ട് തിരിച്ചെത്തി എട്ടിന് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് അനുസരിച്ച് വിവാഹിതരായി. ഗൗതമിന്റെ കൂട്ടുകാരായ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരുന്നു ഇവര്‍ ബാംഗ്ലൂരില്‍ നിന്ന് തിരിച്ചെത്തിയതും വിവാഹിതരായതും.
ഇതിനിടെ അന്‍ഷിദയുടെ വീട്ടുകാര്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയെങ്കിലും അന്വേഷണത്തില്‍ സത്യം ബോദ്ധ്യപ്പെട്ട കോടതി ഇവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു.
സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ തന്നെ തന്റെ മകന് മതമില്ലെന്ന് രേഖപ്പെടുത്തിയ പാലേരി എം.എല്‍.പി സ്‌കൂളിലെ റിട്ടയേര്‍ഡ് ഹെഡ് മാസ്റ്ററായ സുധാകരന്‍ മാഷും അതേ സ്‌കൂളിലെ പ്രധാനാദ്ധ്യാപികയായ ഭാര്യ ജലജയും മകനെയും മരുമകളെയും ഇരുകൈകളും നീട്ടി സ്വീകരിച്ചെങ്കിലും വര്‍ഗീയവാദികള്‍ക്ക് സഹിച്ചില്ല.
അവര്‍ കൂടുതല്‍ അക്രമാസക്തരായി. പുറത്തിറങ്ങിയാല്‍ അരിഞ്ഞുവീഴ്ത്തുമെന്ന് പരസ്യമായി വെല്ലുവിളിച്ചു നടക്കുകയാണ്.
പുറത്തിറങ്ങാനാവാതെ വീട്ടില്‍ അടച്ചുപൂട്ടിക്കഴിയുന്ന ഈ പ്രണയികളെ ഫേസ് ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ഭീഷണിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പാതിരാത്രി ഇവരുടെ വീടിന്റെ ജനലും വാതിലുമെല്ലാം തകര്‍ത്തു.
സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ പ്രണയബദ്ധരായിരുന്നു ഗൗതമും അന്‍ഷിദയും. ബി.ടെക്ക് പാസായ ഗൗതം ബാംഗ്ലൂരില്‍ മെക്കാനിക്കല്‍ എന്‍ജിനിയറായിരുന്നു. അന്‍ഷിദ കാസര്‍കോട്ടെ പൊയിനാച്ചി ഡെന്റല്‍ കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും. ഒളിച്ചോട്ടത്തിനും ഒളിവു ജീവിതത്തിനുമിടയില്‍ ഗൗതമിന്റെ ജോലി പോയി. അന്‍ഷിദയുടെ പഠനവും പാതിവഴിയിലായി.
അതേസമയം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അടുത്ത ദിവസം ഗൗതമിന്റെ വീട്ടില്‍ വിപുലമായ വിവാഹസല്‍ക്കാരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എങ്കിലും ഗൗതമിന്റേയും അന്‍ഷിദയുടേയും ഉള്ളില്‍ തീയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha