ഭര്‍ത്താവെത്തി കണ്ണിമ ചിമ്മാതെ നോക്കിനിന്നതറിയാതെ ഭാര്യ കടന്നുപോയി, ക്വാറന്റീനില്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ ശിവപ്രസാദ്!

കായംകുളം ചേപ്പാട് മുട്ടം മണ്ണാശ്ശേരി തെക്കതില്‍ പ്രജിത (35) ഒന്നരവര്‍ഷമായി അര്‍ബുദബാധിതയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ശിവപ്രസാദ് ദുബായിലായിരുന്നു ജോലി നോക്കിയിരുന്നത്. ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചത് അറിഞ്ഞു നാട്ടിലേക്കു വരാന്‍ തയാറെടുത്തു. അപ്പോഴേക്കും ലോക്ഡൗണ്‍ ആയി.
ഒടുവില്‍ സുഹൃത്തുക്കളുടെയും മറ്റും ശ്രമഫലമായി ഇക്കഴിഞ്ഞ 16-ന് നെടുമ്പാശേരിയിലെത്താനായി. പക്ഷേ ക്വാറന്റീനില്‍ പോകേണ്ടി വന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പമെത്തി ഭാര്യയെ ദൂരെ നിന്നു കാണാന്‍ കഴിഞ്ഞു. അസുഖം കൂടി അബോധാവസ്ഥയിലായിരുന്ന പ്രജിത പക്ഷേ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല!
പിന്നീട് വീട്ടുകാര്‍ പ്രജിതയെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ക്വാറന്റീനില്‍ കഴിയുന്ന ശിവപ്രസാദിനെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സംസ്‌കാരം ഇന്നു നടക്കും. മക്കള്‍: അതുല്‍, ഋതിക.
ഹൃദയം നുറുങ്ങുന്ന വേദനയ്ക്കിടയിലും, പ്രജിതയെ ജീവനോടെ ഒരു നോക്ക് കാണാനെങ്കിലും കഴിഞ്ഞത് ശിവപ്രസാദിന്റെ ഉള്ളം തണുപ്പിക്കുന്നു.
https://www.facebook.com/Malayalivartha