കടുപ്പിച്ച് യു.എ.ഇ, ഫൈസല്‍ ഫരീദ് ഇനി പുറംലോകം കാണില്ല; തിരുവനന്തപുരം കോണ്‍സുലേറ്റ് സംശയമുനയിലുള്ള സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ. സഹകരിക്കുന്നില്ലെന്ന ആശങ്ക...

സ്വർണ കടത്ത് കേസിൽ ദിനംപ്രതി പുതിയ ട്വിസ്റ്റുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ കേസിൽ ദുബായിലെ വമ്പൻ ഫൈസല്‍ ഫരീദിനെ ദുബായില്‍ ചെക്കുകേസില്‍ പെടുത്തിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
സ്വര്‍ണം കയറ്റിവിട്ട മറ്റു രണ്ടു പേരും ഫൈസലിനൊപ്പം അറസ്റ്റിലായതോടെ സ്വര്‍ണക്കടത്തു കേസില്‍ അട്ടിമറി ശ്രമമെന്നു സംശയം. വിചാരണയും ശിക്ഷയും കഴിയാതെ ഇവരെ വിട്ടുകിട്ടില്ലെന്നായതോടെ എന്‍.ഐ.എയുടേതടക്കം അന്വേഷണം വഴിമുട്ടുന്നു.
തിരുവനന്തപുരം കോണ്‍സുലേറ്റ് സംശയമുനയിലുള്ള സ്വര്‍ണക്കടത്തു കേസില്‍ യു.എ.ഇ. സഹകരിക്കുന്നില്ലെന്ന ആശങ്കയാണ് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. ഇന്ത്യയിലെത്തിക്കുന്ന പ്രതികള്‍ സ്വര്‍ണക്കടത്തില്‍ കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും പങ്കുണ്ടെന്നു വെളിപ്പെടുത്തിയാല്‍ യു.എ.ഇക്കു രാജ്യാന്തര തലത്തില്‍ നാണക്കേടാകുമെന്നതാണു കാരണം. കുറ്റവാളികളെ കൈമാറാന്‍ യു.എ.ഇയടക്കം നിരവധി രാജ്യങ്ങളുമായി ഇന്ത്യയ്ക്കു കരാറുണ്ടെങ്കിലും യഥാവിധി പാലിക്കാറില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു.
ഡല്‍ഹിയില്‍ നിന്നു ദുബായിലെത്തിയ എന്‍.ഐ.എ. സംഘം ഫൈസലിനെയും മറ്റും ചോദ്യംചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്ന വിവരമാണ് ഇന്ത്യന്‍ എംബസി വഴി ലഭിച്ചത്. ഫൈസലിനെതിരേ അവിടെ കേസെടുക്കരുതെന്നു നേരത്തേ വിദേശമന്ത്രാലയം വഴി അഭ്യര്‍ഥിച്ചിരുന്നു. വിട്ടുകിട്ടല്‍ വൈകിക്കാന്‍ കേരളത്തില്‍നിന്നു ദുബായ് അധികൃതരില്‍ സമ്മര്‍ദമുണ്ടെന്നും സൂചനയുണ്ട്. കുറ്റപത്രം വൈകിയാല്‍ അറസ്റ്റിലായ പ്രതികള്‍ക്കു ജാമ്യം കിട്ടാന്‍ സാഹചര്യമൊരുങ്ങും.
ഇന്ത്യയിലെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. സ്വര്‍ണം അയച്ചവരെയും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെയുമാണു ചോദ്യംചെയ്യാനുള്ളത്. നിര്‍ണായക വിവരങ്ങള്‍ കിട്ടേണ്ടത് സ്വര്‍ണം കയറ്റിവിട്ട ഫൈസലില്‍നിന്നാണ്.
കഴിഞ്ഞ നവംബര്‍ മുതല്‍ നയതന്ത്ര ചാനല്‍വഴി 21 തവണ സ്വര്‍ണം കടത്തിയെന്നാണു സന്ദീപ് നായരുടെയും നേരത്തേ കോണ്‍സുലേറ്റ് ജീവനക്കാരായിരുന്ന സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെയും മൊഴി. അവസാനത്തെ രണ്ടുതവണയാണു ഫൈസല്‍ സ്വര്‍ണം കയറ്റിവിട്ടത്.
സ്വര്‍ണം കയറ്റിവിട്ട മറ്റു ചിലരുടെ വിവരങ്ങള്‍ സരിത്തിന്റെ പെന്‍ഡ്രൈവിലുണ്ടായിരുന്നു. ഇങ്ങനെ തിരിച്ചറിഞ്ഞ രണ്ടു പേരെയാണു ദുബായിലെത്തിയിട്ടും ചോദ്യംചെയ്യാന്‍ കഴിയാതെപോയത്. യു.എ.ഇയുടെ സഹകരണമില്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കുമോ എന്ന സംശയത്തിലാണു അന്വേഷണ സംഘം.
എല്ലാറ്റിനും പിന്നില്‍ കോണ്‍സല്‍ ജനറലും അറ്റാഷെയുമുണ്ടെന്നാണ് സരിത്തും സ്വപ്‌നയും അന്വേഷണ ഏജന്‍സികളോടു പറഞ്ഞത്. ഓരോ സ്വര്‍ണക്കടത്തിലും അവര്‍ക്കു കമ്മിഷന്‍ നല്‍കിയിരുന്നെന്നും പ്രതികള്‍ മൊഴി നല്‍കി.
വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ കെട്ടിടനിര്‍മാണത്തിനു കരാറെടുത്ത യൂണിടാക് കമ്പനിയുടമയുടെ മൊഴിയും കോണ്‍സല്‍ ജനറലിന് എതിരാണ്. ഫൈസല്‍ ഇത് ആവര്‍ത്തിച്ചേക്കാം.
അതേസമയം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) വഴിയുള്ള സ്വപ്ന സുരേഷിന്റെ കണ്‍സള്‍ട്ടന്‍സി സേവനം അവസാനിപ്പിക്കാന്‍ സ്‌പേസ് പാര്‍ക്ക് അവലോകന യോഗം ആലോചിച്ചിരുന്നതായി സൂചിപ്പിക്കുന്ന മിനിട്ട്‌സ് പുറത്ത് വിട്ടിരിക്കുകയാണ്. കഴിഞ്ഞ മേയില്‍ നടന്ന സ്‌പേസ് പാര്‍ക്ക് അവലോകന യോഗത്തിലാണ് ജോലിയിൽ സ്വപ്‌നയ്ക്കുള്ള കഴിവിനെക്കുറിച്ച് ചോദ്യമുയര്‍ന്നത്.
എന്നാലിത് നടപ്പായില്ല. ജോലിയില്‍ സ്വപ്നയുടെ കഴിവിനെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടന്നത്. ഈ യോഗത്തില്‍ ഐടി സെക്രട്ടറി എം.ശിവശങ്കറും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. സ്വപ്നയെ പുറത്താക്കാന്‍ നടപടി എടുത്തില്ല.
ശിവശങ്കറിന്റെ ശുപാര്‍ശയിലാണ് സ്വപ്നയെ നിയമിച്ചത്. കൂടുതല്‍ എന്‍ജിനീയറിങ്, സ്‌പേസ് ടെക് കഴിവുള്ളയാളെയാണ് ആവശ്യമുണ്ടായിരുന്നതെന്നാണു ചീഫ് സെക്രട്ടറിതല സമിതിയെ സ്‌പേസ് പാര്‍ക്ക് അധികൃതര്‍ അറിയിച്ചത്.
സ്‌പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട ഡോക്യുമെന്റേഷന്‍ ആവശ്യങ്ങള്‍ക്കു സേവനം നല്‍കിയിരുന്നതു കെപിഎംജിയായിരുന്നു. എന്നാല്‍, കണ്‍സള്‍ട്ടന്റിനെ ആവശ്യപ്പെട്ടു സ്‌പേസ് പാര്‍ക്ക് ആദ്യം സമീപിച്ചതു കെപിഎംജിയെ ആയിരുന്നെങ്കിലും അവര്‍ മറുപടി കൊടുത്തില്ലെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്.
https://www.facebook.com/Malayalivartha