Widgets Magazine
10
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രകൃതിയെ സ്‌നേഹിച്ച്, മനുഷ്യനെ സ്‌നേഹിച്ച കവയിത്രി വിട പറയുമ്പോള്‍; നഷ്ടമായത് സ്‌നേഹത്തിന്റെ നിറകുടം; മലയാളം ആ സ്‌നേഹത്തിന് തിരികെ നല്‍കിയത് നിരവധി അംഗീകാരങ്ങള്‍; സ്‌നേഹം പെയ്‌തൊഴിഞ്ഞു

23 DECEMBER 2020 01:53 PM IST
മലയാളി വാര്‍ത്ത

പ്രകൃതിയെ സ്‌നേഹിച്ച് മനുഷ്യനെ സ്‌നേഹിച്ച് സ്‌നേഹം കൊണ്ട് രാത്രിമഴ പെയിച്ച കവയിത്രി. കവിതയുടെയും കാരുണ്യത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും മുഖം അതായിരുന്നു സുഗതകുമാരി. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ സുഗതകുമാരി വിടപറഞ്ഞപ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് ഈ മുഖങ്ങള്‍ തന്നെയാണ്.

ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധര്‍മാര്‍ഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വര്‍ഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു.

കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ സജീവപ്രവര്‍ത്തനം നടത്തി. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്‌നേഹവും സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു.

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ എറ്റവും ഒടുവില്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയര്‍ത്തി. കവിത മനുഷ്യ ദു:ഖങ്ങള്‍ക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകള്‍ കൊണ്ട് എക്കാലവും തലയുയര്‍ത്തി നിന്ന് പെണ്‍കരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓര്‍ക്കപ്പെടും.

1996ല്‍ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയാകാനുളള നിയോഗവും സുഗതകുമാരിക്കായിരുന്നു. അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയുമായി. മനോനില തെറ്റിയവര്‍ക്കും ആരുമില്ലാത്തവര്‍ക്കും അസുഖങ്ങളാല്‍ തകര്‍ന്നുപോയവര്‍ക്കുമെല്ലാം താങ്ങായി സുഗതകുമാരി നിലകൊണ്ടു. കര്‍മ്മഭൂമി പൊതുപ്രവര്‍ത്തനമെങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം എല്ലാകാലത്തും അവര്‍ നിരസിച്ചിരുന്നു. കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ'അഭയ' എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

1960-ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച 'മുത്തുച്ചിപ്പി' എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. തുടര്‍ന്ന് പാതിരാപ്പൂക്കള്‍, പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുള്‍ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകള്‍, മേഘം വന്നുതോറ്റപ്പോള്‍, പൂവഴി മറുവഴി, കാടിന്കാവല്‍ തുടങ്ങി ധാരാളം കൃതികള്‍ മലയാള സാഹിത്യത്തിന് ആ തൂലികയില്‍ നിന്നും ലഭിച്ചു.

സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങള്‍ നേടി. 2006 ല്‍ പത്മശ്രീയും 2009 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2013 ല്‍ സരസ്വതി സമ്മാനും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ പ്രൈസ്, പി.കേശവദേവ് പുരസ്‌കാരം, കെ.ആര്‍. ചുമ്മാര്‍ അവാര്‍ഡ്, ഒഎന്‍വി സാഹിത്യ പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം, ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം, ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം,പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം, ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, തോപ്പില്‍ഭാസി പുരസ്‌കാരം, സ്ത്രീശക്തി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ 'വൃക്ഷമിത്ര' അവാര്‍ഡ് സുഗതകുമാരിക്കായിരുന്നു.

വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധന്‍ നായരായിരുന്നു ഭര്‍ത്താവ്. ലക്ഷ്മി ഏകമകളാണ്. സഹോദരിമാരായ ഡോ. ഹൃദയകുമാരി, ഡോ. സുജാതാദേവി എന്നിവര്‍ സാഹിത്യ-സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയില്‍ കവയിത്രിയ്‌ക്കൊപ്പം തന്നെ വളര്‍ന്നവരായിരുന്നു. ഇരുവരുടെയും മരണം സുഗതകുമാരിയെ അഗാധമായ ദു:ഖത്തിലാഴ്ത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാം മെട്രോ പാതയുടെ ഉദ്ഘാടനം  (21 minutes ago)

യോഗ്യത നേടുന്നതിന് അനുവദിച്ചിരുന്ന രണ്ടുവര്‍ഷ സമയപരിധി ഒരുവര്‍ഷം കൂടി നീട്ടി...  (36 minutes ago)

മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം.....  (48 minutes ago)

ബസ് പൂര്‍ണമായും കത്തി നശിച്ചു...  (1 hour ago)

ചികിത്സയിലായിരുന്ന കുട്ടി മരിച്ചു  (1 hour ago)

ഒളിവില്‍ പോയ സഹോദരനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ്  (1 hour ago)

ഭര്‍ത്താവ് സതീഷ് പിടിയില്‍..  (1 hour ago)

വലിയ ചുടുകാടിന്റെ പാതാളം തോണ്ടി,ജഡങ്ങൾ പുറത്തേക്ക് ധര്‍മ്മസ്ഥലയിലെ വില്ലനെ തൂക്കി 100 സ്ത്രീ അസ്ഥികൂടങ്ങൾ..!?  (1 hour ago)

ലക്ഷ്യം വരുമാന വര്‍ദ്ധനവ്..... ഓണ്‍ലൈന്‍ മദ്യവില്‍പ്പനയ്ക്കായി ബെവ്‌കോ  (2 hours ago)

ഭവന നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി...  (2 hours ago)

ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ പ്രോസസ്സിങ് സിസ്റ്റം വഴി മാത്രമേ ....  (2 hours ago)

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത....  (2 hours ago)

70ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണ്  (2 hours ago)

രജിസ്‌ട്രേഡ് തപാല്‍ നിര്‍ത്താനും സ്പീഡ് പോസ്റ്റില്‍ ലയിപ്പിക്കാനുമുള്ള തീരുമാനം ഭാഗികമായി പിന്‍വലിച്ച് തപാല്‍ വകുപ്പ്...  (3 hours ago)

16 പൂളുകളാക്കി തിരിച്ചാണ് മത്സരങ്ങള്‍  (3 hours ago)

Malayali Vartha Recommends