ബംഗാള്‍ കുരുതിക്കളമാകുന്നു; നാല് ബി.ജെ.പി, തൃണമൂല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം; ബി.ജെ.പി അധ്യക്ഷന്‍ ജെ പി നദ്ദ ഇന്ന് ബംഗാളില്‍ എത്തും; സി.പി.എം ഓഫീസുകളും ആക്രമിക്കപ്പെടുന്നു

ബംഗാളില്‍ വ്യാപകമായി ആക്രമണം നടക്കുന്നുണ്ട്. അതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ആക്രമിക്കപ്പെടുന്നത് ബി.ജെ.പി പ്രവര്‍ത്തകരാണോ തൃണമൂല്‍ പ്രവര്‍ത്തകരാണോ എന്ന കാര്യത്തിലാണ് തര്‍ക്കം. എന്തായിരുന്നാലും ഇതുവരെ നാലു പേര്‍ ബംഗാളില്‍ ഇതിനോടകം കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും അവകാശപ്പെടുന്നുണ്ട്. ഇന്നലെ നടന്ന അക്രമങ്ങളില്‍ ബര്‍ദാനില്‍ കൊല്ലപ്പെട്ട നാലു പേരില്‍ മൂന്നും തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ ഇതുവരെ തങ്ങളുടെ ആറ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതായി ബിജെപി ആരോപിച്ചു.
സംഘര്‍ഷം രൂക്ഷമായതോടെ കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുകയാണ്. സംഭവങ്ങളെ കുറിച്ച് അടിന്തര റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓഫിസുകള്‍ തീവച്ചു നശിപ്പിച്ചതായും പ്രവര്‍ത്തകരുടെ കടകളും സ്ഥാപനങ്ങളും വ്യാപകമായി കൊള്ളയടിച്ചതായും ബിജെപി ആരോപിക്കുന്നു. വടികളുമായി ഇരച്ചുകയറി പാര്‍ട്ടി ഓഫിസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. മമത ബാനര്‍ജി മത്സരിച്ച നന്ദിഗ്രാമിലും സംഘര്‍ഷം നിയന്ത്രിക്കാനായിട്ടില്ല. തൃണമൂല്‍ അക്രമങ്ങള്‍ക്കെതിരെ നാളെ രാജ്യവ്യാപക ധര്‍ണ നടത്തുമെന്ന് ബിജെപി അറിയിച്ചു. സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇന്ന് ബംഗാളില്‍ എത്തും.
സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ആഭ്യന്തര സെക്രട്ടറി, ഡിജിപി, കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ എന്നിവരെ വിളിച്ചുവരുത്തി. അതേസമയം, പ്രകോപനങ്ങളില്‍ വീഴരുതെന്നും സമചിത്തത പാലിക്കണമെന്നും പാര്‍ട്ടി പ്രവര്‍ത്തകരോട് മമത ബാനര്‍ജി ആവശ്യപ്പെട്ടു. പക്ഷേ ആക്രണത്തില്‍ മാത്രം കുറവ് സംഭവിച്ചിട്ടില്ല.
അതേസമയം സിപിഎം ഓഫീസുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായി സിപിഎം ആരോപിച്ചു. ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളെ അപലപിക്കുന്നതായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വോട്ടെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഏറ്റുമുട്ടല്‍. വോട്ടെടുപ്പിനിടെ സോള്‍കുച്ചിയില്‍ ബൂത്തിലുണ്ടായ സംഘര്‍ഷത്തെ നേരിടാന്‍ കേന്ദ്രസേന നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. എട്ട് ഘട്ടങ്ങളിലായിട്ടാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്.
ബംഗാളില്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് 2020 നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങിയത്. സംസ്ഥാനത്ത് 121 സീറ്റുകളില്‍ വ്യക്തമായ ലീഡ് കൈവരിക്കാന്‍ 2019ല്‍ സാധിച്ചു. ഇതിനോടൊപ്പം സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍ മുന്‍തൂക്കം സ്ഥാപിച്ചു സംസ്ഥാനം ഭരിക്കാന്‍ ആവശ്യമായ 147 സീറ്റുകള്‍ വിജയിക്കാം എന്നാണ് ബിജെപി കണക്കുകൂട്ടിയത്.
എന്നാല്‍ ഫലം വന്നപ്പോള്‍ നിരാശപ്പെടാനായിരുന്നു യോഗം. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ ജംഗല്‍മഹല്‍, ഹൂഗ്ലി, ജലഗര്‍പുരി എന്നീ പ്രദേശങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. അതോടെ ബംഗാള്‍ പിടിക്കാമെന്ന പ്രതീക്ഷയും പൊലിഞ്ഞു. വിജയം 75 സീറ്റുകളില്‍ ഒതുങ്ങി. പക്ഷേ വിജയത്തില്‍ മതിമറന്ന തൃണമൂല്‍ തന്നെയാണ് ആക്രമങ്ങള്‍ക്ക് പിന്നിലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത്. ഇത് മമതയുടെ ഇമേജിന് കോട്ടം വരുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha