കിവികളെ തകർത്തെറിഞ്ഞ് ഇന്ത്യൻ പട; ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആധികാരിക ജയം

ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് ആധികാരിക ജയം. 90 റണ്‍സ് വിജയം സ്വന്തമാക്കിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരന്പരയില്‍ 2-0ന് മുന്നിലെത്തി. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ടീം ഇന്ത്യയ്ക്ക് മുന്നില്‍ കിവീസിന് മറുപടിയുണ്ടായില്ല. പരന്പരയിലെ മൂന്നാം മത്സരം തിങ്കളാഴ്ച മൗണ്ട് മോണ്‍ഗനുയില്‍ തന്നെ നടക്കും.
325 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 40.2 ഓവറില്‍ 234 റണ്‍സിന് കൂടാരം കയറി. 57 റണ്‍സ് നേടിയ ഡഗ് ബ്രയ്സ് വെല്ലാണ് ടോപ്പ് സ്കോറര്‍. ടോം ലാതം (34), കോളിന്‍ മണ്‍റോ (31) എന്നിവരും പൊരുതി. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് കിവീസിനെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാറും ചഹലും രണ്ടു വീതം വിക്കറ്റുകള്‍ നേടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ നാല് വിക്കറ്റിന് 324 റണ്‍സ് അടിച്ചൂകൂട്ടി. രോഹിത് ശര്‍മ (87), ശിഖര്‍ ധവാന്‍ (66) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ധവാന്‍-രോഹിത് സഖ്യം ഒന്നാം വിക്കറ്റില്‍ 154 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് പിരിഞ്ഞത്.
പിന്നാലെ എത്തിയ നായകന്‍ വിരാട് കോഹ്ലി (43), അന്പാട്ടി റായിഡു (47), എം.എസ്.ധോണി (പുറത്തകാതെ 48), കേദാര്‍ ജാദവ് (പുറത്താകാതെ 22) എന്നിവരെല്ലാം ബാറ്റുകൊണ്ട് മികവുകാട്ടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ധോണി-ജാദവ് സഖ്യമാണ് സ്കോര്‍ 300 കടത്തിയത്. ജാദവ് 10 പന്തില്‍ 22 റണ്‍സ് നേടി. രോഹിത്താണ് മാന്‍ ഓഫ് ദ മാച്ച്.
https://www.facebook.com/Malayalivartha