കിവീസ് വനിതകളെ തൂത്തെറിഞ്ഞ് ഇന്ത്യൻ ചുണക്കുട്ടികൾ; ന്യൂസിലന്‍ഡിനെതിരായ വനിതകളുടെ ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് പരമ്പര

പുരുഷന്മാർക്ക് പിന്നാലെ ടീം ഇന്ത്യയുടെ വനിതകളും ന്യൂസിലന്‍ഡില്‍ ഏകദിന പരമ്പര നേടി. രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന് മിതാലി രാജും സംഘവും കിവീസ് വനിതകളെ തൂത്തെറിഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത കിവീസ് 44.2 ഓവറില്‍ 161 റണ്‍സിന് ഓള്‍ഔട്ടായി. 35.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരന്പര 2-0 എന്ന നിലയില്‍ ഇന്ത്യ സ്വന്തമാക്കി. മൂന്നാം മത്സരം വെളളിയാഴ്ച നടക്കും.
സ്മൃതി മന്ദാന (പുറത്താകാതെ 90), മിതാലി രാജ് (പുറത്താകാതെ 63) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. 15/2 എന്ന നിലയില്‍ ഇന്ത്യ പതറുന്പോഴാണ് മന്ദാന-മിതാലി സഖ്യം ക്രീസില്‍ ഒന്നിക്കുന്നത്. മന്ദാന വേഗത്തില്‍ സ്കോര്‍ ചെയ്തപ്പോള്‍ മിതാലി നിലയുറപ്പിക്കുകയായിരുന്നു. 83 പന്തില്‍ 13 ഫോറും ഒരു സിക്സും പറത്തിയാണ് മന്ദാന 90 റണ്‍സ് നേടിയത്. 111 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ നാല് ഫോറും രണ്ടു സിക്സും നേടി.
നേരത്തെ ക്യാപ്റ്റന്‍ അമി സാറ്റ്‌വര്‍വൈറ്റിന്‍റെ അര്‍ധ സെഞ്ചുറിയാണ് കിവീസിനെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. അമി 71 റണ്‍സ് നേടി. മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ജുലന്‍ ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തി. പൂനം യാദവ്, ദീപ്തി ശര്‍മ, ഏക്ത ബിസ്ത് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.
https://www.facebook.com/Malayalivartha