എല്ലാ നേട്ടങ്ങളും അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടത്, കൈകൾ ആകാശത്തേക്ക് ഉയർത്തിയത് അച്ഛനോടുള്ള ആദരസൂചകമായി: വികാരാധീനനായി മുഹമ്മദ് ഷമി

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അതിവേഗം 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് മുഹമ്മദ് ഷമി. ഷമിയുടെ ഈ നേട്ടത്തെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് പ്രേമികളും കായിക ലോകവും. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേടിയതോടെയാണ് ഷമിയെ തേടി റെക്കോഡ് എത്തിയത്.
തന്റെ ഈ നേട്ടം ആകാശത്തേക്ക് വിരൽ ചൂണ്ടിയാണ് ഷമി ആഘോഷിച്ചത്. എന്നാൽ ഷമി എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു ക്രിക്കറ്റ് ആരാധകരുടെ സംശയം. സംശയത്തിനുള്ള മറുപടി ഷമി തന്നെ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു.
2017 ൽ ഹൃദയാഘാതം മൂലം മരിച്ച തന്റെ പിതാവ് തൂസിഫ് അലിയോടുള്ള ആദരസൂചകമായാണ് താൻ ആകാശത്തേക്ക് വിരൽ ചൂണ്ടിയതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യൻ ബൗളിങ് പരിശീലകൻ പരസ് മഹംബ്രേയുമായുള്ള അഭിമുഖത്തിലാണ് ഷമി ഇക്കാര്യം അറിയിച്ചത്.
അച്ഛനോടുള്ള ആദരസൂചകമായാണ് ഞാൻ കൈകൾ ആകാശത്തേക്ക് ഉയർത്തിയത്. 2017 ലായിരുന്നു അദ്ദേഹത്തിന്റെ മരണം. ജനിച്ചപ്പോൾ മുതൽ എല്ലാ പിന്തുണയും നൽകിയത് അദ്ദേഹമാണ്. ഇന്ന് ഞാൻ ഈ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ അദ്ദേഹത്തെ സ്മരിക്കുന്നതിൽ എന്താണ് തെറ്റ്. അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ ഫലമായാണ് ഞാൻ ഇന്ത്യൻ ടീമിന്റെ ഭാഗമായത്.
എന്റെ എല്ലാ നേട്ടങ്ങളും അദ്ദേഹത്തിന് കൂടി അവകാശപ്പെട്ടതാണ്. 200 ടെസ്റ്റ് വിക്കറ്റ് തികച്ചത് അഭിമാന നിമിഷമായിരുന്നു. പ്രകടനം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. ആസ്വദിച്ചു കളിക്കുക എന്നതാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും പ്രധാനം- ഷമി പറയുന്നു.
ആദ്യ ഇന്നിങ്സിൽ 10 ഓവറിൽ 44 റൺസ് വഴങ്ങിയാണ് ഷമി അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 55-ാം ടെസ്റ്റിലാണ് ഷമി 200 വിക്കറ്റുകള്‍ സ്വന്തമാക്കിയത്. കപില്‍ദേവ് (1983) 50 ടെസ്റ്റില്‍ നിന്നാണ് 200 വിക്കറ്റുകള്‍ കൊയ്തത്. രണ്ടാം സ്ഥാനത്തുള്ള ജവഗല്‍ ശ്രീനാഥ് (2001) 54 ടെസ്റ്റില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതിവേഗം 200 വിക്കറ്റ് നേടുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാണ് മുഹമ്മദ് ഷമി. തന്റെ 37-ാം ടെസ്റ്റിൽ നിന്ന് നേട്ടത്തിലെത്തിയ ആർ അശ്വിനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha























