'അവര്‍ക്കൊപ്പം പരിശീലനത്തിനിറങ്ങാന്‍ പോലും ഭയമാണ്'; ഇന്ത്യൻ ബൗളര്‍മാരെ പ്രശംസിച്ച് ഓപ്പണര്‍ കെ.എല്‍. രാഹുല്‍

സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ചരിത്ര ജയം നേടാന്‍ ടീം ഇന്ത്യയെ സഹായിച്ച ബൗളര്‍മാരെ പ്രശംസിച്ച് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട ഓപ്പണര്‍ കെ.എല്‍. രാഹുല്‍. അത്യന്തം രസകരമായ തരത്തിലായിരുന്നു രാഹുലിന്റെ പ്രശംസ. നിമിഷങ്ങള്‍ക്കുള്ളില്‍ രാഹുലിന്റെ വാക്കുകള്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.
നെറ്റ്സില്‍ സഹതാരമാണെന്ന യാതൊരു പരിഗണനയും ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കില്ലെന്നും അവര്‍ക്കൊപ്പം പരിശീലനത്തിനിറങ്ങാന്‍ പോലും ഭയമാണെന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍. അവര്‍ക്കൊപ്പമുള്ള പരിശീലനം പക്ഷേ തന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'ഗ്രൗണ്ടില്‍ എതിരാളികള്‍ക്കെതിരേ കളിക്കുന്നതിലും പ്രയാസമാണ് ഇന്ത്യയുടെ പേസര്‍മാരെ നെറ്റ്‌സില്‍ നേരിടുന്നത്. ആസ്വദിച്ച് നെറ്റ്‌സ് പരിശീലനം നടത്താനാവില്ല. നെറ്റ്‌സില്‍ അവര്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. എല്ലാ മികവും ഉപയോഗിച്ചാവും പന്തെറിയുക. സഹതാരമാണെന്ന യാതൊരു പരിഗണനയും നല്‍കില്ല. മത്സരബുദ്ധിയോടെ തന്നെയാവും പന്തെറിയുക. പരിശീലനമാണെന്നു പോലും അവര്‍ മറക്കും. ശരിക്കും ഭയമാണ് അവര്‍ക്കൊപ്പം പരിശീലിക്കാന്‍''- രാഹുല്‍ പറഞ്ഞു.
ടീം ഇന്ത്യക്ക് ഇത്രയും മികച്ച ബൗളിംഗ് നിരയെ ലഭിച്ചത് ഭാഗ്യമാണെന്നും രാഹുല്‍ പറഞ്ഞു. ''ഇത്തരമൊരു ബൗളിങ് നിരയെ ലഭിച്ചത് ഭാഗ്യമാണ്. ഞങ്ങളുടെ മികച്ച പേസര്‍മാരായ ഉമേഷും ഇഷാന്തും ബെഞ്ചിലിരിക്കുന്നു. അതില്‍നിന്നു തന്നെ ഇന്ത്യന്‍ പേസ് നിര എത്രകണ്ട് മികച്ചതാണെന്നു മനസിലാക്കാം. ഈ ബൗളിങ് നിര ഒപ്പമുള്ളതാണ് ഇന്ത്യന്‍ ടീമിനെ വ്യത്യസ്തമാക്കുന്നത്.''- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഗംഭീര പ്രകടനമാണ് ഷമി നടത്തുന്നതെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഷമിക്ക് വളരെ സവിശേഷമായ വര്‍ഷമായിരുന്നു ഇതെന്ന് കരുതുന്നില്ലെന്നും 2022ല്‍ പുതിയ ഉയരങ്ങള്‍ താണ്ടാനും കൂടുതല്‍ മികച്ച പ്രകടനം നടത്താനും അവന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























