ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ; ശ്രീലങ്കയ്ക്ക് 200 റണ്‍സ് വിജയലക്ഷ്യം

ഇഷന്‍ കിഷന്റെയും ശ്രേയസ് അയ്യരുടെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങളുടെ ബലത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി ഇന്ത്യ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. ലക്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ലങ്കന്‍ ബൗളര്‍മാരെ അടിച്ചുപറത്തുന്ന കാഴ്ചയാണ് കണ്ടത്. ഇഷന്‍ കിഷന്റെയും (56 പന്തുകളില്‍ 89 റണ്‍സ്), ശ്രേയസ് അയ്യരുടെയും (28 പന്തുകളില്‍ 57) തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (32 പന്തില്‍ 44) പ്രകടനവും ഇന്ത്യയുടെ സ്കോറിങ്ങില്‍ നിര്‍ണായകമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഇഷന്‍ കിഷനും രോഹിത് ശര്‍മയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ലങ്കന്‍ ബൗളര്‍മാരെ ഇരുവരും കടന്നാക്രമിച്ചപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ വളരെ വേഗം മുന്നോട്ട് കുതിച്ചു. ഇഷന്‍ കിഷനായിരുന്നു കൂടുതല്‍ അപകടകാരി. പവര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തടിച്ച് മുന്നേറിയ സഖ്യം ആദ്യ ആറ് ഓവറുകളില്‍ നിന്നും 58 റണ്‍സാണ് അടിച്ചെടുത്തത്.
ഇതിനിടയില്‍ 43 റണ്‍സില്‍ നില്‍ക്കേ ജെഫ്രി വാന്‍ഡെര്‍സേയുടെ പന്തില്‍ ഇഷന്‍ കിഷന്‍ നല്‍കിയ ക്യാച്ച് ലിയാനഗെ നിലത്തിടുകയും ചെയ്തു. പവര്‍പ്ലേ ഓവറുകള്‍ക്ക് ശേഷം രോഹിത് ശര്‍മയും ഇഷന്‍ കിഷനൊപ്പം ടോപ് ഗിയറിലേക്ക് മാറി. ഇഷന്‍ കിഷന്‍ ഇതിനിടയില്‍ തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 10.2 ഓവറില്‍ ഇന്ത്യ 100 റണ്‍സ് പൂര്‍ത്തിയാക്കി. ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 112 ല്‍ നില്‍ക്കെ രോഹിത് ശര്‍മയെ ബൗള്‍ഡ് ആക്കി ലാഹിരു കുമാരയാണ് ശ്രീലങ്കയ്ക്ക് ബ്രേക്‌ത്രൂ നല്‍കിയത്. 32 പന്തുകളില്‍ നിന്നും 44 റണ്‍സാണ് രോഹിത് നേടിയത്.
രോഹിത് മടങ്ങിയ ശേഷവും ഇഷന്‍ കിഷന്‍ അടി തുടര്‍ന്നു. ഇഷന്‍ കിഷന്‍ കത്തിക്കയറിയതോടെ രോഹിത്തിന് പകരമെത്തിയ ശ്രേയസ് അയ്യര്‍ക്ക് ഇഷന്‍ കിഷന് പിന്തുണ നല്‍കുകയെന്ന ചുമതലയാണുണ്ടായിരുന്നത്. ലങ്കന്‍ ബൗളര്‍മാര്‍ ഇഷന്‍ കിഷന്റെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു. തകര്‍ത്തടിച്ച് മുന്നേറിയ താരം സെഞ്ചുറി കുറിക്കുമെന്ന് ആരാധകര്‍ കരുതിയെങ്കിലും അര്‍ഹിച്ച സെഞ്ചുറിക്ക് 11 റണ്‍സകലെ താരം ഔട്ടായി മടങ്ങുകയായിരുന്നു. ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ പന്തില്‍ ലിയാനഗെയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. നേരത്തെ കൈവിട്ടുകളഞ്ഞ ക്യാച്ചിനുള്ള പ്രായശ്ചിത്തം കൂടിയാണ് ലിയാനഗെ ചെയ്തത്. 56 പന്തുകളില്‍ നിന്നും 10 ഫോറും മൂന്ന് സിക്‌സും സഹിതം 89 റണ്‍സ് നേടിയാണ് ഇഷന്‍ കിഷന്‍ മടങ്ങിയത്.
ഇഷന്‍ കിഷന്‍ മടങ്ങിയ ശേഷം രവീന്ദ്ര ജഡേജയാണ് ക്രീസില്‍ എത്തിയത്. ഇഷന്‍ കിഷന്‍ പോയശേഷം ആക്രമണ ചുമതല ഏറ്റെടുത്ത അയ്യര്‍ ജഡേജയ്‌ക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്കോറിനെ മുന്നോട്ട് നയിച്ചു. തുടക്കത്തിലെ പതിഞ്ഞ താളം മാറ്റി ടോപ് ഗിയറിലേക്ക് കുതിച്ച അയ്യര്‍ തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 28 പന്തുകളില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് റണ്‍സോടെ ജഡേജയും പുറത്താകാതെ നിന്നു. അവസാന നാല് ഓവറുകളില്‍ 52 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ശ്രീലങ്കയ്ക്കായി ലാഹിരു കുമാര, ദസുന്‍ ഷനക എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
https://www.facebook.com/Malayalivartha























