രോഹന് മൂന്നാം സെഞ്ചുറി; രഞ്ജി ട്രോഫി രണ്ടാം റൗണ്ടില്‍ ഗുജറാത്തിനെതിരെ ആവേശകരമായ വിജയം സ്വന്തമാക്കി കേരളം; ഗുജറാത്തിനെ പരാജയപ്പെടുത്തിയത് 8 വിക്കറ്റിന്

രഞ്ജി ട്രോഫി രണ്ടാം റൗണ്ടില്‍ ഗുജറാത്തിനെതിരെ ആവേശപ്പോരാട്ടത്തില്‍ വിജയം പിടിച്ചെടുത്ത് കേരളം. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 8 വിക്കറ്റിനാണ് കേരളത്തിന്റെ വിജയം. ഗുജറാത്ത് ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം 35.4 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം മറികടന്നു. തുടര്‍ച്ചയായ മൂന്നാം ഇന്നിങ്സിലും സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ രോഹന്‍ എസ്. കുന്നുമ്മല്‍, അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവര്‍ ചേര്‍ന്നാണ് കേരളത്തിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്.
രോഹന്‍ 87 പന്തില്‍ 106 റണ്‍സോടെ പുറത്താകാതെ നിന്നു. 44 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട രോഹന്‍ 83 പന്തില്‍ സെഞ്ചുറിയും നേടി. സല്‍മാന്‍ നിസാര്‍ 30 പന്തില്‍ 28 റണ്‍സോടെ രോഹനൊപ്പം പുറത്താകാതെ നിന്നു.
സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം വിജയം നേടുന്നത്. എലീറ്റ് ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ മേഘാലയയേയും കേരളം തോല്‍പ്പിച്ചിരുന്നു. ഇതോടെ രണ്ടു കളികളില്‍നിന്ന് 13 പോയിന്റുമായി കേരളം എലീറ്റ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്തി. 13 പോയിന്റുള്ള മധ്യപ്രദേശ് റണ്‍റേറ്റിലെ നേരിയ മുന്‍തൂക്കത്തോടെ ഒന്നാം സ്ഥാനത്തുണ്ട്. അടുത്ത മത്സരത്തില്‍ കരുത്തരായ മധ്യപ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍.
https://www.facebook.com/Malayalivartha























