'ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങി ജഡേജ'; ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ രവീന്ദ്ര ജഡേജയുടെ മികവില്‍ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. രണ്ടാം ദിനം കളിനിര്‍ത്തുമ്ബോള്‍ ലങ്ക ഒന്നാം ഇന്നിംഗ്സില്‍ 108/4 എന്ന നിലയില്‍ ഫോളോ ഓണ്‍ ഭീഷണി നേരിടുകയാണ്. ആറ് വിക്കറ്റുകള്‍ ശേഷിക്കുന്ന ലങ്ക 466 റണ്‍സ് പിന്നിലാണ്.
175 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജ പന്തുകൊണ്ടും ഇന്ദ്രജാലം കാട്ടിയതോടെയാണ് ലങ്ക പതറിയത്. ലങ്കന്‍ നായകന് ദിമുത് കരുണരത്നയുടെ ഉള്‍പ്പടെ രണ്ടു വിക്കറ്റുകള്‍ ജഡേജ പിഴുതു. അശ്വിനും ബുമ്രയും ഓരോ വിക്കറ്റുകള്‍ നേടി. 26 റണ്‍സുമായി നിസങ്കയും ഒരു റണ്ണുമായി ചരിത് അസലങ്കയുമാണ് ക്രീസില്‍.
നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 574/8 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ജഡേജ ഡബിള്‍ സെഞ്ചുറിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാന്‍ നായകന് രോഹിത് ശര്‍മ തീരുമാനിച്ചത്. 17 ഫോറും മൂന്ന് സിക്സും അടങ്ങിയതായിരുന്നു ജഡേജയുടെ കരിയര്‍ ബെസ്റ്റ് ഇന്നിംഗ്സ്. ഋഷഭ് പന്ത് (96), ആര്.അശ്വിന് (61), ഹനുമ വിഹാരി (58) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഇന്ത്യയ്ക്ക് കരുത്തായി.
357/6 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്കായി ജഡേജ-അശ്വിന് സഖ്യം അനായാസം റണ്‍സ് കണ്ടെത്തി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 130 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ട് ബൗണ്ടറികളുടെ സഹായത്തോടെയാണ് അശ്വിന് അര്‍ധശതകം പൂര്‍ത്തിയാക്കിയത്. പിന്നാലെ വന്ന ജയന്ത് യാദവിന് രണ്ടു റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. മുഹമ്മദ് ഷമി 20 റണ്‍സുമായി പുറത്താകാതെ നിന്നു.
https://www.facebook.com/Malayalivartha























