'ഇന്നും ഒരു ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരമുണ്ടായിരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് ടീമുകൾ പ്രത്യേകിച്ചും വെല്ലുവിളിയാണ്. അവിടെ ഇന്നത്തെ വിജയവും റൺ റേറ്റും ഉറപ്പായും നിർണായകമാവും.. കയ്യടികളില്ല, പാക്കിസ്ഥാനോട് ഒരു അപ്രധാന ടൂർണമെൻ്റിൽ പുരുഷ ടീം ഏറ്റുമുട്ടുമ്പൊഴത്തെ ആരവം പോലുമില്ല. എങ്കിലും ശരി, ഈ ടൂർണമെൻ്റിൽ ടീം എവിടെവരെ പോവുമോ, അവിടെവരെ സർവ മാനസിക പിന്തുണയും നൽകി ഒപ്പമുണ്ടാവും..' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

ഇന്നും ഒരു ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരമുണ്ടായിരുന്നു. പലരും അറിഞ്ഞുപോലും കാണില്ലെന്ന് വിശ്വസിക്കുന്നു. ഇന്ത്യൻ വനിതാ ടീം പാക്കിസ്ഥാൻ വനിതാ ടീമിനെ ഐ.സി.സി വനിതാ ലോകകപ്പിൽ നേരിടുകയായിരുന്നു ഇന്ന് ആദ്യ മൽസരത്തിൽ. വെറുതെയങ്ങ് നേരിടുകയല്ല, 107 റണ്ണിന് തോല്പിച്ചു ചുരുട്ടിക്കെട്ടിവിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് വലിയ പ്രാധാന്യം നേടിയിരുന്നില്ല. അതിനെകുറിച്ച് ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നും ഒരു ഇന്ത്യ - പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരമുണ്ടായിരുന്നു. പലരും അറിഞ്ഞുപോലും കാണില്ലെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് എവിടത്തെ മൽസരമാണെന്നൊക്കെ 'ബോധവൽക്കരിച്ചിട്ട്' തുടങ്ങാം ആദ്യം.. ഇന്ത്യൻ വനിതാ ടീം പാക്കിസ്ഥാൻ വനിതാ ടീമിനെ ഐ.സി.സി വനിതാ ലോകകപ്പിൽ നേരിടുകയായിരുന്നു ഇന്ന് ആദ്യ മൽസരത്തിൽ.
വെറുതെയങ്ങ് നേരിടുകയല്ല, 107 റണ്ണിന് തോല്പിച്ചു ചുരുട്ടിക്കെട്ടിവിടുകയും ചെയ്തിട്ടുണ്ട്. ബഹളമൊന്നുമില്ലെന്ന് മാത്രമല്ല, ഒരു ഇലപോലും അനങ്ങിയിട്ടുണ്ടോന്ന് സംശയമാണ്. പുരുഷ ടീമിൻ്റെ ഇതിനു തൊട്ടുമുൻപുള്ള ഒന്നുരണ്ട് മൽസരങ്ങൾക്ക് മുൻപത്തെ കോലാഹലങ്ങളൊക്കെ ഓർമയിലുണ്ടാവുമല്ലോ അല്ലേ? മൽസരത്തിന് മുൻപത്തെ ആവേശക്കമ്മിറ്റികളുടെ പെർഫോമൻസും മൽസരത്തെ ദേശസ്നേഹവുമായി ഉള്ള കൂട്ടിക്കെട്ടലുകളും ഇനി മറുത്ത് അഭിപ്രായം പറയുന്നവർക്കുള്ള ചാപ്പകളും... ഹോ, എന്തായിരുന്നു അല്ലിയോ?
ഒറ്റക്കുഴപ്പമേയുള്ളൂ.. ആ വേലിയേറ്റമൊക്കെ പുരുഷ ടീമിൻ്റെ കളികളിൽ മാത്രം.. എന്നാൽ കളിയിലേക്ക് വരാം.. ഷെഫാലി പതിവ് പോലെ അൺപ്രെഡിക്റ്റബിളായതും ഹർമൻപ്രീത് നിറം മങ്ങിയതും ഒരു സങ്കടമായെങ്കിലും മന്ദാനയും ദീപ്തിയും പ്രതീക്ഷയ്ക്കൊപ്പമുയർന്നു. പക്ഷേ മിതാലിയും കൂടെ കൈവിട്ടപ്പൊ ഒരു ഘട്ടത്തിൽ 114/6 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ കൈപിടിച്ച് കയറ്റിയത് രണ്ട് കിടിലൻ ഇന്നിങ്ങ്സുകളാണ്.
പൂജയുടെ 59 പന്തുകളിലെ 67 റണ്ണും സ്നേഹിൻ്റെ 48 പന്തിലെ 53 ഉം. ഇതുവരെയുള്ള മിക്ക മൽസരങ്ങളിലും 250+ സ്കോറുകൾ ഉള്ളപ്പൊ ആ ട്രെൻഡിനൊപ്പം എത്തണമെന്ന ക്യാപ്റ്റൻ്റെ ആഗ്രഹത്തിന് തൊട്ടടുത്തെത്തിച്ച കിടിലൻ പ്രകടനം.. വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ട്.. ബാറ്റിങ്ങ് തുടങ്ങിയ പാക്കിസ്ഥാൻ ഒരു ഘട്ടത്തിൽപ്പോലും വെല്ലുവിളിയാണെന്ന് തോന്നിച്ചേയില്ല.. തുടക്കം തന്നെ ഇഴഞ്ഞായിരുന്നു..11 ഓവറിൽ 28 റണ്ണിന് ആദ്യത്തെ വിക്കറ്റ് വീണപ്പൊ തൊട്ട് എവിടെയെങ്കിലും തിരിച്ചുവരുമെന്ന് പോലും തോന്നലുണ്ടാക്കിയില്ല.
നാല് വിക്കറ്റെടുത്ത രാജേശ്വരി ഗെയിക്വാദിൻ്റെ അടക്കം എക്കോണമിയിൽ അത് പ്രതിഫലിക്കുന്നുമുണ്ട്.. ഒടുവിൽ 107 റണ്ണിന് പാക്കിസ്ഥാനെ തോല്പിച്ച് ഇന്ത്യൻ വനിതകൾ ആദ്യ വിജയം കൈക്കലാക്കിയിട്ടുണ്ട്.. മുന്നോട്ടുള്ള പ്രയാണം കുറച്ച് കടുപ്പമുള്ളത് തന്നെയാണ്... ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് ടീമുകൾ പ്രത്യേകിച്ചും വെല്ലുവിളിയാണ്. അവിടെ ഇന്നത്തെ വിജയവും റൺ റേറ്റും ഉറപ്പായും നിർണായകമാവും.. കയ്യടികളില്ല, പാക്കിസ്ഥാനോട് ഒരു അപ്രധാന ടൂർണമെൻ്റിൽ പുരുഷ ടീം ഏറ്റുമുട്ടുമ്പൊഴത്തെ ആരവം പോലുമില്ല. എങ്കിലും ശരി, ഈ ടൂർണമെൻ്റിൽ ടീം എവിടെവരെ പോവുമോ, അവിടെവരെ സർവ മാനസിക പിന്തുണയും നൽകി ഒപ്പമുണ്ടാവും..
അഭിനന്ദനങ്ങൾ ടീം ഇന്ത്യ
https://www.facebook.com/Malayalivartha























