'സ്മൃതി മന്ദാനയും ഹര്‍മന്‍പ്രീത് കൗറും തിളങ്ങി'; വനിതാ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ 155 റണ്ണിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകളുടെ തേരോട്ടം

വനിതാ ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ 155 റണ്ണിന് തകര്‍ത്ത് ഇന്ത്യന്‍ വനിതകളുടെ തേരോട്ടം. ഓപ്പണര്‍ സ്മൃതി മന്ദാനയും ടി ട്വന്റി ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറും തകര്‍ത്താടിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്ണെടുത്തു. 123 പന്തില്‍ 119 റണ്ണെടുത്ത മന്ദാനയുടെയും 107 പന്തില്‍ 109 റണ്ണെടുത്ത ഹര്‍മന്‍പ്രീതിന്റെയും ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറില്‍ എത്തിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്ടന്‍ മിഥാലി രാജിന്റെ തീരുമാനത്തെ ശരി വയ്ക്കുന്ന പ്രകടനമായിരുന്നു ഇന്ത്യ പുറത്തെടുത്തത്. മറുപടി ബാറ്റിംഗില്‍ 40.3 ഓവറില്‍ 162 റണ്‍ എടുക്കുന്നതിനിടെ വെസ്റ്റിന്‍ഡീസിന്റെ എല്ലാ താരങ്ങളും പുറത്തായി.
നാലാം വിക്കറ്റില്‍ സ്മൃതിയും ഹര്‍മനും ചേര്‍ന്ന് നേടിയ 184 റണ്ണിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഇരുവരും ചേര്‍ന്ന് പങ്കിടുകയും ചെയ്തു. ഇന്ത്യന്‍ നിരയില്‍ സ്മൃതിയേയും ഹര്‍മാനെയും കൂടാതെ ഓപ്പണര്‍ യസ്തിക ഭാട്ടിയ മാത്രമാണ് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 21 പന്തില്‍ 31 റണ്ണെടുത്ത് പുറത്തായ യസ്തിക സ്മൃതിയോടൊപ്പം ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് നല്‍കിയിരുന്നു. എന്നാല്‍ ക്യാപ്ടന്‍ മിഥാലി രാജ് അടക്കമുള്ള മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ വലിയ പരാജയമായി. 10 റണ്ണെടുത്ത പൂജാ വസ്ത്രാക്കര്‍ ഒഴിച്ചാല്‍ വേറെയാരും രണ്ടക്കം കണ്ടത് പോലുമില്ല.
എന്നാല്‍ ബൗളിംഗില്‍ ഇന്ത്യന്‍ വനിതകള്‍ എതിരാളികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് വിക്കറ്റെടുത്ത സ്നേഹ് റാണ, രണ്ട് വിക്കറ്റെടുത്ത മേഘ്ന സിംഗ് എന്നിവര്‍ ഇന്ത്യക്ക് വേണ്ടി മികച്ചു നിന്നു. ജുലാന്‍ ഗോസ്വാമി, രാജേശ്വരി ഗയ്ക്ക്‌വാദ്, പൂജാ വസ്ത്രാക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.
ഈ ജയത്തോടെ എട്ടു ടീമുകളടങ്ങിയ ടൂര്‍ണമെന്റിന്റെ പൊയിന്റ് നിലയില്‍ ഇന്ത്യ ഏറ്റവും മുന്നിലെത്തി. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഇന്ത്യയുടെ പിന്നിലുള്ള മറ്റ് ടീമുകള്‍. മൂന്ന് കളികളില്‍ നിന്ന് നാല് പൊയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്. മറ്റ് മൂന്ന് പേര്‍ക്കും നാല് പൊയിന്റുകളുണ്ടെങ്കിലും ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് എതിരാളികളെക്കാളും വളരെ മുന്നിലാണ്.
https://www.facebook.com/Malayalivartha























