ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി...

ഇന്ത്യക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി. അവസാന മത്സരത്തില്‍ രണ്ട് ഓവര്‍ ബാക്കിയിരിക്കെ വിന്‍ഡീസ് എട്ട് വിക്കറ്റിന് ജയിച്ചു. ഇതോടെ പരമ്പര 3-2ന് സ്വന്തമായി.
ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ നേട്ടം. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യക്കായിരുന്നു. കുറച്ചുകാലമായി മോശം പ്രകടനത്തെത്തുടര്‍ന്ന് ലോകക്രിക്കറ്റില്‍ അപ്രസക്തരായ കരീബിയന്‍ പടയ്ക്ക് തിരിച്ചുവരവിനുള്ള ഊര്‍ജമാകും ഈ വിജയം.സ്‌കോര്‍: ഇന്ത്യ 9-165, വിന്‍ഡീസ് 2-171 (18). ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍ വിജയലക്ഷ്യം വിന്‍ഡീസ് ബാറ്റര്‍മാര്‍ അനായാസം പിന്തുടര്‍ന്നു. എട്ട് ബൗളര്‍മാര്‍ പന്തെറിഞ്ഞിട്ടും വിജയം തടയാനായില്ല. മഴമൂലം അല്‍പ്പം വൈകിയെന്നുമാത്രം.
ഓപ്പണര്‍ ബ്രന്‍ഡന്‍ കിങും വിക്കറ്റ്കീപ്പര്‍ നിക്കൊളാസ് പുരാനും രണ്ടാംവിക്കറ്റില്‍ അടിച്ച 107 റണ്‍ അടിത്തറയായി. ബ്രന്‍ഡന്‍ കിങ് 55 പന്തില്‍ 85 റണ്ണുമായി പുറത്താകാതെനിന്നു. ഷായ് ഹോപായിരുന്നു (22) കൂട്ട്. 35 പന്തില്‍ 47 റണ്ണെടുത്ത പുരാനെ ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് തിലക് വര്‍മ കന്നി വിക്കറ്റ് സ്വന്തമാക്കി.
ഓപ്പണര്‍ കെയ്ല്‍ മയേഴ്സാണ് (10) ആദ്യം പുറത്തായത്. ആദ്യ രണ്ട് മത്സരവും വിന്‍ഡീസ് ജയിച്ചിരുന്നു. അടുത്ത രണ്ടും ജയിച്ച് ഇന്ത്യ പരമ്പര സമനിലയിലാക്കി (2-2). ഇതോടെയാണ് അഞ്ചാമത്തെ മത്സരം നിര്‍ണായകമായത്. ടോസ് നേടി ആദ്യം ബാറ്റെടുത്ത ഇന്ത്യക്ക് സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ചുറിയാണ് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. നേടിയത് 45 പന്തില്‍ 61 റണ്‍. നാല് ഫോറും മൂന്ന് സിക്സറും നിറംപകര്‍ന്ന ഇന്നിങ്സ്.
ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും (5) ശുഭ്മാന്‍ ഗില്ലും (9) വേഗം മടങ്ങി. രണ്ട് വിക്കറ്റും സ്പിന്നര്‍ അകീല്‍ ഹുസൈനാണ്. തിലക് വര്‍മ പേസര്‍ അല്‍സാരി ജോസഫിനെ മൂന്ന് ഫോറും ഒരു സിക്സറുമടിച്ചാണ് വരവേറ്റത്. എന്നാല്‍, നിലയുറപ്പിച്ചെന്ന് കരുതവെ അപ്രതീക്ഷിതമായി പുറത്തായി. റോസ്റ്റണ്‍ ചേസ് സ്വന്തം ബൗളിങ്ങില്‍ പറന്നുപിടിക്കുകയായിരുന്നു. 18 പന്തില്‍ 27 റണ്ണടിച്ചു. അഞ്ച് കളിയില്‍ 173 റണ്ണാണ് ഇരുപതുകാരന്‍ നേടിയത്. കിട്ടിയ അവസരം വിനിയോഗിക്കുന്നതില്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു. രണ്ട് ഫോറടിച്ച സഞ്ജു റൊമാരിയോ ഷെഫേര്‍ഡിന്റെ നിരുപദ്രവമെന്ന് കരുതിയ പന്തിന് ബാറ്റ് വച്ച് വിക്കറ്റ്കീപ്പര്‍ നിക്കൊളാസ് പുരാന്റെ കൈകളിലൊതുങ്ങി. ഒമ്പത് പന്തില്‍ നേടിയത് 13 റണ്‍. കളിച്ച രണ്ട് മത്സരങ്ങളില്‍ 13, 7 എന്നിങ്ങനെയാണ് മലയാളി ബാറ്ററുടെ സ്‌കോര്‍.
സൂര്യകുമാര്‍ യാദവ് ഒരറ്റത്ത് സ്‌കോര്‍ ഉയര്‍ത്തി. സ്‌കോര്‍ 28ല്‍ നില്‍ക്കെ കിട്ടിയ അവസരം വിന്‍ഡീസ് ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ നഷ്ടപ്പെടുത്തി. ഷെഫേര്‍ഡിന്റെ പന്ത് ഉയര്‍ത്തിയടിച്ച സൂര്യകുമാറിനെ പിടികൂടാന്‍ പവലിനായില്ല. അവസാന അഞ്ച് ഓവറില്‍ ഇന്ത്യ നേടിയത് 53 റണ്‍. അല്‍സാരി ജോസഫിനെ സിക്സര്‍ പറത്തിയ സൂര്യകുമാര്‍ പരമ്പരയിലെ രണ്ടാം അര്‍ധ സെഞ്ചുറി കണ്ടെത്തി.
38 പന്തിലാണ് ഈ നേട്ടം. സൂര്യകുമാറും ഹാര്‍ദിക് പാണ്ഡ്യയും (14) അഞ്ചാംവിക്കറ്റില്‍ 43 റണ്ണടിച്ചു. സൂര്യകുമാര്‍ ജാസണ്‍ ഹോള്‍ഡറുടെ പന്തില്‍ വിക്കറ്റിനുമുന്നില്‍ കുടുങ്ങി. ഇന്ത്യക്കെതിരെ അഞ്ചുമത്സര പരമ്പര വിന്‍ഡീസ് നേടുന്നത് ആദ്യമായാണ്.
https://www.facebook.com/Malayalivartha