വിസയില്ലാതെ സന്ദര്‍ശിക്കാം: കടലോരപൈതൃക വിനോദസഞ്ചാര പദ്ധതിയുമായി സൗദി

വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന കടലോരപൈതൃക വിനോദസഞ്ചാര പദ്ധതിയുമായി സൗദി അറേബ്യ. സൗദിയുടെ വിനോദസഞ്ചാര രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതുന്ന 'ചെങ്കടല്‍ പദ്ധതി'ക്ക് അംഗീകാരം ലഭിച്ചു. പടിഞ്ഞാറന്‍ തീരമേഖലയില്‍ അതി വിസ്തൃതമായ പ്രദേശത്ത് ആരംഭിക്കുന്ന പദ്ധതി ലോകത്തെ ഏറ്റവും സമഗ്രമായ കടലോരപൈതൃക പദ്ധതിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ പ്രദേശത്ത് വിനോദ സഞ്ചാരികള്‍ക്ക് വിസയില്ലാതെ തന്നെ സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നാണ് വാഗ്ദ്ദാനം ചെയ്തിരിക്കുന്നത്.
വിനോദസഞ്ചാരത്തിനായി ഒരുക്കിയെടുക്കുന്നത് പടിഞ്ഞാറന്‍ തുറമുഖ നഗരമായ യാമ്പുവിന് വടക്കന്‍ പ്രദേശമായ ഉംലജ് മുതല്‍ അല്‍വജ് വരെയുള്ള പ്രദേശമാണ്. മദാ ഇന്‍ സ്വാലിഹ് ഉള്‍പ്പെടെയുള്ള പൈതൃക ഇടങ്ങള്‍, പടിഞ്ഞാറന്‍ പര്‍വത നിര, സംരക്ഷിത പ്രകൃതി മേഖലകള്‍, അഗ്‌നിപര്‍വതങ്ങള്‍, കടല്‍ത്തീരം, 50ലേറെ ദ്വീപുകള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൊത്തം 34,000 ചതുരശ്ര കി.മീ. വരുന്ന മേഖലയിലെ തബൂക്ക് പ്രവിശ്യയിലെ 200 കി.മീ. കടല്‍ത്തീരം വികസിപ്പിച്ചെടുക്കും.
ലോകത്തെ ഏറ്റവും സുന്ദരമായ കടല്‍ത്തീരങ്ങളിലൊന്നാണ് സൗദിയുടെ പടിഞ്ഞാറെ ചെങ്കടല്‍ തീരം. സ്‌കൂബ ഡൈവിങ്ങിന് അനുയോജ്യമായ ഇവിടുത്തെ സമുദ്രാന്തര്‍ഭാഗം വൈവിധ്യമാര്‍ന്ന ആവാസ വ്യവസ്ഥ നിലനില്‍ക്കുന്നയിടമാണ്. പവിഴപ്പുറ്റുകളും സമുദ്രസസ്യങ്ങളും നിറഞ്ഞ അടിത്തട്ട് വളരെ മനോഹരമാണ്. 17ാം നൂറ്റാണ്ടുവരെ സജീവമായിരുന്ന അഗ്‌നിപര്‍വതങ്ങള്‍ ഈ മേഖലയിലുണ്ട്. വന്യജീവികളുടെ കാര്യത്തിലും വൈവിധ്യമുള്ള പ്രദേശമാണിവിടം. അറേബ്യന്‍ പുള്ളിപ്പുലി, അറേബ്യന്‍ ചെന്നായ, കാട്ടുപൂച്ച, പ്രാപ്പിടിയന്‍ ഇവിടുത്തെ സംരക്ഷിതപ്രദേശങ്ങളിലെ ചില ജീവജാലങ്ങളാണ്.
ഭാഗിക സ്വയംഭരണാവകാശമുള്ള ഒരു സമിതിയായിരിക്കും ഇവിടുത്തെ പ്രവര്‍ത്തനങ്ങളും മറ്റും നിയന്ത്രിക്കുക. ലോകത്തെ ഒട്ടുമിക്ക രാജ്യക്കാര്‍ക്കും വിസയില്ലാതെ തന്നെ സന്ദര്‍ശിക്കാനും സുരക്ഷിതവും ലോകോത്തര നിലവാരമുള്ളതുമായ വിനോദ സാധ്യതകളുമാണ് ഇവിടെ ഒരുക്കുന്നത്. 2019 പകുതിയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 2022ല്‍ ആദ്യഘട്ടം പൂര്‍ത്തിയാകും.
പ്രത്യേക വിമാനത്താവളം, തുറമുഖം, ഹോട്ടലുകള്‍, ആഡംബര റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഗതാഗത സംവിധാനങ്ങള്‍, ബോട്ടുകള്‍, സീപ്ലെയ്‌നുകള്‍ എന്നിവയുടെ പൂര്‍ത്തീകരണം ആദ്യഘട്ടത്തില്‍ തന്നെയുണ്ടാകും. 2035ഓടെ ദശലക്ഷം സന്ദര്‍ശകരെയാണ് ഒരു വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്.
സൗദി സമ്പദ്‌വ്യവസ്ഥയെ എണ്ണ ആശ്രിതത്വത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ലക്ഷ്യംവെക്കുന്ന വിഷന്‍ 2030ന്റെ ഭാഗമായിട്ടുള്ളതാണ് ഈ പദ്ധതി. പ്രതിവര്‍ഷം സൗദിയുടെ വാര്‍ഷിക ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ 15 ശതകോടി റിയാലാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
https://www.facebook.com/Malayalivartha