ചരിത്ര നേട്ടവുമായി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്

ഇന്ത്യയുടെ സ്വന്തം വിമാന നിര്‍മ്മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) 2018 - 19 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് വരുമാനം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 6 ശതമാനം ഉയര്‍ന്ന് 19,400 കോടി രൂപയിലെത്തി. ഇതാദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം ഇത്രയും വരുമാനം എച്ച് എ എല്‍ നേടുന്നത്. 2017 - 18 സാമ്പത്തിക വര്‍ഷത്തില്‍ 18,624 കോടി രൂപയായിരുന്നു വിറ്റുവരവ്.
നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് പൊതുമേഖലാ പ്രതിരോധ വ്യോമയാന കമ്പനിയായ എച്ച് എ എല്‍ ഈ നേട്ടം കൈവരിച്ചതെന്നത് ശ്രദ്ധേയമാണ്. എസ് യു 30 എം കെ ഐ, എല്‍ സി ഐ തേജസ്, ഡോര്‍ണിയര്‍ ഡി ഒ 228, എ എല്‍ എച്ച് ധ്രുവ്, ചീറ്റാള്‍ ഹെലികോപ്റ്റര്‍ എന്നിവ നിര്‍മ്മിക്കുന്നതും അറ്റകുറ്റപണികള്‍ നടത്തുന്നതും എച്ച് എ എല്‍ ആണ്. കൂടാതെ ബഹിരാകാശ പദ്ധതികള്‍ക്കായി 146 പുതിയ എയറോ ഘടനകളും നിര്‍മ്മിച്ചിട്ടുണ്ട്. 2018 - 19 സാമ്പത്തിക വര്‍ഷത്തില്‍ 41 പുതിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും 98 എന്‍ജിനുകളുമാണ് എച്ച് എ എല്‍ നിര്‍മ്മിച്ചത്. ഇക്കാലയളവില്‍ എച്ച് എ എല്‍ 213 വിമാനങ്ങളുടെയും 540 എന്‍ജിനുകളുടെയും അറ്റകുറ്റപണികളും പൂര്‍ത്തിയാക്കി.
റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ തഴഞ്ഞ പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്‌സ് ലിമിറ്റഡ് (എച്.എ.എല്‍) 2017 - 18 സാമ്പത്തിക വര്‍ഷം ലാഭത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാക്കിയത്. പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കാനുളള ശേഷിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി സംശയം പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് പോര്‍വിമാനങ്ങളുണ്ടാക്കി ലാഭം നേടിയ കണക്കുകള്‍ എച്.എ.എല്‍ പുറത്തു വിടുന്നത്. റഫാല്‍ വിമാന കരാറില്‍ എച്ച് എ എല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ കൊണ്ടുവന്നത് അടുത്തിടെ വലിയ വിവാദമായിരുന്നു. ഇത് കെട്ടടങ്ങുന്നതിന് മുമ്പാണ് കമ്പനിയുടെ ഈ ചരിത്രനേട്ടം.
https://www.facebook.com/Malayalivartha