ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ദിലീപ് വീണ്ടും ജാസിറിന്റെ ജീവിതത്തിലേക്ക്
ചെറിയൊരു റോഡപകടത്തിന്റെ രൂപത്തിലാണ് ജാസിറിനരികില്‍ സൗഭാഗ്യം വന്നണഞ്ഞത്. ജോലിക്കിടെ സംഭവിച്ച അപകടം. അത് വേദനയ്ക്കിടയിലും ഏറെ സന്തോഷം കൊണ്ടുവന്നു. മനസില്‍ ഏറെയിഷ്ടം സൂക്ഷിച്ചിരുന്ന ജനപ്രിയ നടന് ദിലീപിനെ പരിചയപ്പെടാന്‍ സാധിച്ചു, ഒന്നിച്ച് ഭക്ഷണം കഴിച്ചു, പുതിയ ജോലിക്ക് അവസരമൊരുങ്ങി.. അങ്ങനെ പോകുന്ന സന്തോഷ വര്‍ത്തമാനങ്ങള്‍.
ഈ മാസം ഒന്‍പതിനായിരുന്നു വടകര പള്ളിത്തായ സ്വദേശി ജാസിര്‍ എന്ന കഫ്റ്റീരിയ ഡെലിവറി ബോയിയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. ദുബായ് മുഹൈസിന മൂന്നിലായിരുന്നു സംഭവം. ഖിസൈസ് മൂന്നിലെ കഫ്റ്റീരിയയില്‍ നിന്ന് ഭക്ഷണം എത്തിച്ച് മടങ്ങുമ്പോള്‍ ജാസിര്‍ സഞ്ചരിച്ച മോട്ടോര്‍ബൈക്കില്‍ റൗണ്ട് എബൗട്ടിനടുത്ത് ഫോര്‍വീലര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയും ജാസിര്‍ ബൈക്കിനടിയില്‍പ്പെടുകയും ചെയ്തു. സാരമായ പരുക്കേറ്റില്ലെങ്കിലും ശരീരവേദന കാരണം എണീക്കാന്‍ സാധിച്ചില്ല. ഒന്നു രണ്ട് വാഹനങ്ങള്‍ കണ്ടിട്ട് നിര്‍ത്താതെ പോയി. പെട്ടെന്നാണ് വെളുത്ത ലാന്‍ഡ് ക്രൂസര്‍ വന്നു തൊട്ടടുത്ത് നിന്നത്. അതില്‍ നിന്ന് ഇറങ്ങിയയാളെ കണ്ട് ജാസിര്‍ അമ്പരന്നു സാക്ഷാല്‍ ദിലീപ്. തന്റെ ഇഷ്ടനടനെ കണ്ടതോടെ ജാസിറിന്റെ പകുതി വേദന അകന്നു. ദിലീപും കൂടെയുണ്ടായിരുന്ന സുഹൃത്ത് നസീറും ചേര്‍ന്ന് ജാസിറിനെ പിടിച്ചെണീല്‍പ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന്, പൊലീസിനെ വിളിച്ചതും ദിലീപ് തന്നെ.
സഹജീവിക്ക് വേണ്ടി മനുഷ്യനെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു എന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം കിങ് ലിയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറേ നാളുകളായി ദിലീപ് ദുബായിലായിരുന്നു.
ദിലീപിന്റെ ഉറ്റ സുഹൃത്ത് നടനും സംവിധായകനുമായ നാദിര്‍ഷായാണ് തുടര്‍ന്ന് ആദ്യമായി ജാസിറിനെ സന്ദര്‍ശിച്ചത്. ഉടന്‍ ദിലീപിനെ കാണാന്‍ അവസരമൊരുങ്ങുമെന്ന് നാദിര്‍ഷ അറിയിച്ചു. യുഎഇയില്‍ നിന്നും ഒട്ടേറെ പേര് കാണാനെത്തി. പിന്നീട്, ജുമൈറയില്‍ നടന്ന വിരുന്നിലേയ്ക്ക് ക്ഷണിക്കപ്പെടുകയും ദിലീപിനോടൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. മതിവരുവോളം ഒന്നിച്ച് ഫൊട്ടോ എടുത്തു.
വാടക വീട്ടില്‍ താമസിക്കുന്ന ജാസിറിന്റെ പിതാവ് നേരത്തെ മരിച്ചു. മാതാവും വിവാഹമോചിതയായ സഹോദരിയുടെയും ഏക ആശ്രയമാണ് തുച്ഛവരുമാനത്തിന് ജോലി ചെയ്യുന്ന ഈ 23കാരന്. ജോലിയുടെ ബുദ്ധിമുട്ടുകള്‍ ചോദിച്ചറിഞ്ഞ ജിലീപ് അന്ന് മറ്റൊരു വിശേഷം കൂടി കൈമാറി ദുബായിലെ ഒരു വ്യവസായി ജാസിറിന് നല്ലൊരു ജോലി നല്‍കും. ഇപ്പോള്‍ ലണ്ടനിലുള്ള അദ്ദേഹം ഉടന്‍ ദുബായിലെത്തിയാല്‍ അനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച് ജാസിറിന് ജോലിയില്‍ പ്രവേശിക്കാം. ജീവന് രക്ഷിച്ചയാളോട് നന്ദി പറയാന്‍ മാത്രം ആഗ്രഹിച്ച ജാസിര്‍ ഇപ്പോള്‍ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച പ്രിയ നടനോട് പറഞ്ഞാലും തീരാത്ത കടപ്പാട് കാത്തുസൂക്ഷിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha