തമിഴ്റോക്കേഴ്‌സ് സൈറ്റില്‍ വീണ്ടും പുലിമുരുകന്‍ സിനിമയുടെ വ്യാജ പതിപ്പ്

www.tamilrockers.ac എന്ന ടോറന്റ് സൈറ്റ് വഴി 'പുലിമുരുകന്‍' സിനിമയുടെ വ്യാജ പതിപ്പ് വീണ്ടും ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്‌സിന്റെ പുതിയ സൈറ്റിലാണ് 'പുലിമുരുകന്‍' വ്യാജന്‍മാര്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.
സിനിമ മലയാളത്തിലും തെലുങ്കിലുമായി 150 കോടിയോളമാണ് ഇതിനോടകം കളക്ട് ചെയ്തത്. പുലിമുരുകന്റെ തമിഴ് പതിപ്പ് റിലീസിങിന് ഒരുങ്ങുന്നതിനിടെയാണ് ഇത്തരത്തില്‍ സിനിമയുടെ വ്യാജന്‍ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
സിനിമ 75 ദിവസം പിന്നിടുമ്പോഴും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് സിനിമയുടെ മുതല്‍ മുടക്ക് കൂടാതെ നിസാരമായ ലാഭം മാത്രമാണ് കിട്ടിയതെന്നും സാറ്റലൈറ്റില്‍ മാത്രമാണ് ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും തെലുങ്ക് പതിപ്പ് കൂടി നല്ല കളക്ഷന്‍ നേടിയാല്‍ മാത്രമേ പുലിമുരുകന് മികച്ച ലാഭം കിട്ടിയെന്ന് പറയാനാകൂ എന്ന് വ്യക്തമാക്കുന്നു.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പുലിമുരുകനെ തമിഴ് റോക്കേഴ്‌സ് കടന്നാക്രമിക്കുന്നത്. സിനിമകള്‍ 50 ഉം 60 ഉം ദിവസങ്ങള്‍ പിന്നിടുമ്‌ബോള്‍ തമിഴ് റോക്കേഴ്‌സ് സൈറ്റുകളില്‍ ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയോട് സാദൃശ്യമുളള മലയാള സിനിമകള്‍ ഇതിന് മുന്‍പും കാണപ്പെട്ടിരുന്നു.
പിന്നീട് നല്ല പ്രിന്റ് പുറത്തിറങ്ങി കഴിഞ്ഞാല്‍ ഇതില്‍ നിന്ന് ഇവര്‍ തന്നെ നീക്കം ചെയ്ത് അവിടെ പുത്തന്‍ കോപ്പികള്‍ അപ്ലോഡ് ചെയ്യും. പുലിമുരുകന് മുന്‍പ് ഊഴം ,ഒപ്പം , തുടങ്ങിയ സിനിമകള്‍ നല്ല പ്രിന്റു ഇറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തമിഴ് റോക്കേഴ്‌സ് പുറത്ത് വിട്ടിരുന്നു. പിന്നീട് നല്ല പ്രിന്റുകള്‍ വന്ന ശേഷം ഇവര്‍ തന്നെ മാറ്റുകയും ചെയ്തിരുന്നു.
പുലിമുരുകന്‍ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം www.tamilrockers.la എന്ന ടോറന്റ് സൈറ്റ് വഴി സിനിമ വ്യാജന്‍മാര്‍ പുറത്ത് വിടുകയും ഇതിനെ തുടര്‍ന്ന് ആന്റി പൈറസി സെല്‍ ഇടപെട്ട് സിനിമ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യുകയും പ്രതികളെ പിടികൂടി സൈറ്റ് ബ്ലോക്ക് ചെയ്തിരുന്നതുമാണ്.
ഇതിനെ തുടര്‍ന്ന് ആന്റി പൈറസി സെല്‍ പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത വ്യാജ സിനിമ സൈറ്റിന്റെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ രണ്ടുപേരെ കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയിരുന്നു. കൂടാതെ സൈറ്റില്‍ നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്ത നിരവധി പേരെയും അറസ്റ്റ് ചെയ്തിരുന്നു.
വ്യാജ സൈറ്റുകള്‍ ആന്റി പൈറസി സെല്‍ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടും നടപടികളിലെ കെടുകാര്യസ്ഥതയാണ് ഇത്തരം സംഭവങ്ങള്‍ തെളിക്കുന്നത് . കോടികള്‍ മുടക്കി സിനിമ ചെയ്യാനുളള നിര്‍മാതാവിന്റെ ആത്മധൈര്യത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവണതകള്‍ക്ക് കടിഞ്ഞാണിടാന്‍ പോലീസിന് കഴിഞ്ഞില്ലെങ്കില്‍ ഇത്തരം സൈറ്റുകള്‍ ഇനിയും വ്യാജ പ്രിന്റ് ഇറക്കി സിനിമ വ്യവസായത്തെ തകര്‍ത്തു കൊണ്ടിരിക്കും.
https://www.facebook.com/Malayalivartha





















