ഡൽഹി കേരളാ ക്ലബിൽ സംവിധായകന്‍ പ്രിയനന്ദനെ പഞ്ഞിക്കിടാൻ അയ്യപ്പഭക്തരെന്ന പേരിലെത്തിയത് സംഘപരിവാറുകാർ; വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന കാർട്ടൂണുകൾ പ്രദർശിപ്പിച്ചെന്ന് പറഞ്ഞ് നശിപ്പിക്കുകയും, ചോദ്യം ചെയ്തവരെ കൈവെച്ചും സംഘപരിവാറുകാരുടെ അഴിഞ്ഞാട്ടം

സംവിധായകന്‍ പ്രിയനന്ദനന്‍ പങ്കെടുക്കേണ്ടിയിരുന്ന ഡൽഹി കേരളാ ക്ലബിലെ ചടങ്ങിനെതിരേ സംഘപരിവാർ അതിക്രമം. കേരള ക്ലബ്ബിലെ സാഹിതീസഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് പ്രിയനന്ദനനുമായി അഭിമുഖം നടത്താനിരിക്കെയാണ് അയ്യപ്പഭക്തരെന്ന പേരിലെത്തിയ സംഘപരിവാറുകാരുടെ പ്രതിഷേധം അരങ്ങേറിയത്. കേരള ക്ലബ്ബ് ഹാളിൽ പ്രദർശിപ്പിച്ച ചില കാർട്ടൂണുകൾ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നശിപ്പിച്ചു. ചോദ്യം ചെയ്തവരെ കൈയേറ്റംചെയ്തു. ഡൽഹിയിൽ എത്താൻ വൈകിയതുമൂലം പ്രിയനന്ദനൻ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് കേരള ക്ലബ്ബ് ജോ. സെക്രട്ടറി എം. രവീന്ദ്രൻ സദസ്സിനെ അറിയിച്ചപ്പോൾ പ്രതിഷേധക്കാർ ഹാളിൽ കൂടിനിന്ന് ശരണം വിളിച്ച് പ്രതിഷേധം തുടർന്നു.
‘സൈലൻസർ’ എന്ന പുതിയ സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയതായിരുന്നു പ്രിയനന്ദനൻ. തലസ്ഥാനത്തെത്തുന്ന സാഹിത്യ-സാംസ്കാരിക നായകരുമായി കേരള ക്ലബ്ബ് സാഹിതീസഖ്യത്തിൽ പതിവായി സംവാദം സംഘടിപ്പിക്കാറുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്കാണ് പരിപാടി നിശ്ചയിച്ചിരുന്നത്. അഞ്ചരമുതൽ ക്ലബ്ബിലും പരിസരത്തും സംഘപരിവാറുകാർ തമ്പടിച്ചുതുടങ്ങി. പ്രിയനന്ദനൻ എത്തിയില്ലെങ്കിലും സംഘാടകർ സംവാദം തുടങ്ങി. വൈകിയതിനാൽ പ്രിയനന്ദനൻ എത്താനിടയില്ലെന്ന് അറിയിച്ചു.
ഹിന്ദുവിശ്വാസികളെ മുറിവേൽപ്പിച്ച പ്രിയനന്ദനനെപ്പോലെ ഒരാളുമായി കേരള ക്ലബ്ബിൽ സംവാദം സംഘടിപ്പിച്ചത് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പ്രിയനന്ദനൻ എത്തിയാൽ കൈകാര്യം ചെയ്യുമെന്നും ഭീഷണിമുഴക്കി. പ്രതിഷേധവുമായി അവർ വേദിയിൽ കയറാൻ തുടങ്ങിയപ്പോൾ ഭാരവാഹികളിൽ ചിലർ തടഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരോടും ചിലർ കയർത്തുസംസാരിച്ചു. അരമണിക്കൂറിലേറെ ഭീഷണി മുഴക്കിയശേഷം ഇനിയും ഇത്തരം പരിപാടികൾ സംഘടിപ്പിച്ചാൽ ചോദ്യംചെയ്യുമെന്നു പ്രഖ്യാപിച്ച് സംഘം പിരിഞ്ഞുപോയി. സംഘർഷത്തെത്തുടർന്ന് ഭാരവാഹികൾ പരിപാടി നിർത്തിവെച്ചു. സംഭവത്തിൽ വലിയ നിരാശ തോന്നുന്നുവെന്ന് പ്രിയനന്ദനൻ പ്രതികരിച്ചു.
രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഇടയിൽ മനുഷ്യത്വം മറന്നുപോവുന്നതാണ് ഇത്തരം സംഭവങ്ങൾ. ഇതൊരു നല്ല പ്രവണതയാണെന്ന് തോന്നുന്നില്ലെന്നും പ്രിയനന്ദനൻ പറഞ്ഞു. ‘‘ഞാനൊരിക്കലും ഇന്ത്യയുടെ വൈവിധ്യത്തെയും ആചാരങ്ങളെയും ചോദ്യംചെയ്തിട്ടില്ല. അന്ധവിശ്വാസത്തിനെതിരേ ചില പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ ഭാഷാപരമായി സംഭവിച്ചിട്ടുള്ള തെറ്റ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഞാനൊരു രാഷ്ട്രീയപ്രവർത്തകനല്ല. എനിക്ക് വോട്ടുകച്ചവടത്തിന്റെ ആവശ്യവുമില്ല. എന്റെ കലാസൃഷ്ടികളിൽ പല സിനിമകളും നിഷ്പക്ഷമായ നിലപാടു പ്രകടിപ്പിക്കുന്നതാണ്.’’ -പ്രിയനന്ദനൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ ഇതിനു മുമ്പും പ്രിയനന്ദന് നേരെ ആക്രമണമുണ്ടായിരുന്നു. പ്രിയനന്ദനന്റെ തലയിലേക്ക് ഒരുസംഘം സംഘപരിവാര്‍ അനുകൂലികൾ പിന്നില്‍ നിന്നും ചാണകവെള്ളം ഒഴിക്കുകയും, അപമാനിക്കുകയും ചെയ്തിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ പ്രിയനന്ദനന് പിന്തുണ അര്‍പ്പിച്ച് വന്‍തോതിലുള്ള പ്രചരണമാണ് നടന്നിരുന്നത്. നമ്മുടെ നിലപാടുകളിലെ ശരിക്ക് കിട്ടിയ പൂച്ചെണ്ടാണ് ഈ ചാണകവെള്ളമെന്നാണ് കവി പി എന്‍ ഗോപീകൃഷ്ണന്‍ പ്രിയനന്ദനന് പിന്തുണ അര്‍പ്പിച്ച് പറഞ്ഞിരുന്നത്. ‘അഭിപ്രായത്തോട് യോജിപ്പില്ലെങ്കില്‍ കൊണ്ട് പോയി കേസ് കൊടുക്കണം.. അത് പിന്നെങ്ങനാ കയ്യാങ്കളിയും ഗുണ്ടായിസവും മാത്രമല്ലേ അറിയത്തൊള്ളു!’ എന്നാണ് ചലച്ചിത്രതാരവും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നത്.
സൈലൻസർ എന്ന സിനിമ, അദ്ദേഹം മാപ്പ് പറയാത്ത പക്ഷം വെളിച്ചം കാണില്ലെന്ന് സംഘപരിവാർ ഭീഷണി മുഴക്കിരുന്നു. “സിനിമ എന്നു പറയുന്നത് മറ്റൊരു കലയാണ്. അതിൻറെ പ്രദർശനം കേരളത്തിൽ ഉണ്ടാകില്ല എന്ന് പറഞ്ഞാൽ, ഇതുപോലെ പല സ്ഥലങ്ങളിലും, പല സിനിമകളും പുറത്തിറക്കില്ല എന്നുപറഞ്ഞിട്ടും അവയെല്ലാം പുറത്തിറക്കിയിട്ടുണ്ടല്ലോ. അപ്പോൾ തീർച്ചയായും സിനിമ പുറത്തിറങ്ങും എന്ന് മറുപടിയുമായി പ്രിയാനന്ദനനും രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha
























