അമര്‍ അക്ബര്‍ അന്തോണിയില്‍ നായകന്‍ ഞാനായിരുന്നു, അവസാന നിമിഷം നാദിര്‍ഷ പുറത്താക്കി: വെളിപ്പെടുത്തലുമായി ആസിഫ് അലി

സൂപ്പര്‍ ഹിറ്റായ നാദിര്‍ഷ ചിത്രം അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരു നായകന്‍ താനായിരുന്നുവെന്നും എന്നാല്‍ അവസാന നിമിഷം തന്നെ അതില്‍ നിന്നൊഴിവാക്കുകയുമായിരുന്നെന്ന് വെളിപ്പെടുത്തി നടന്‍ ആസിഫ് അലി. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മേരാ നാം ഷാജിയുടെ ഓഡിയോ ലോഞ്ചില്‍ വച്ചാണ് ഈ വിവരം ആസിഫ് തുറന്നുപറഞ്ഞത്.
പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും നായകന്മാരായി എത്തിയ അമര്‍ അക്ബര്‍ അന്തോണിയില്‍ ഫൈസല്‍ എന്ന അതിഥിവേഷത്തില്‍ ആസിഫ് അലി അഭിനയിച്ചിരുന്നു. മള്‍ടിസ്റ്റാര്‍ ചിത്രമായ മേരാ നാം ഷാജിയില്‍ ഒരു നായകന്‍ ആസിഫ് അലിയാണ്.
'അമര്‍ അക്ബര്‍ അന്തോണിയില്‍ ഒരാള്‍ ഞാനായിരുന്നു, എന്നാല്‍ അവസാനനിമിഷം എന്നെ ഒഴിവാക്കി. അതിനു പകരമായാകാം ഷാജിയായി എന്നെ ഈ സിനിമയില്‍ കൊണ്ടുവന്നത്. പക്ഷേ ആ സിനിമയില്‍ നായകന്മാരായ മൂന്നുപേര്‍ക്കും കിട്ടിയ കൈയടി അത്രത്തോളം തന്നെ എന്റെ ചെറിയ കഥാപാത്രത്തിനും കിട്ടി. ആ ധൈര്യമാണ് ഷാജിയായി അഭിനയിക്കാന്‍ എനിക്ക് പ്രചോദനമായത്.'-ആസിഫ് അലി പറഞ്ഞു.
നാദിര്‍ഷയുടെ മൂന്നാമത്തെ മലയാളചിത്രമാണ് മേരാ നാം ഷാജി. ബിജു മേനോന്‍, ബൈജു, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, കുഞ്ചാക്കോ ബോബന്‍, നിഖില വിമല്‍, വിനോദ് ഇല്ലംപള്ളി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























