പാവങ്ങളുടെ അമ്മ വിശുദ്ധ മദര്‍ തെരേസയുടെ ജീവിതം സിനിമയാകുന്നു

പാവങ്ങളുടെ അമ്മ മദര്‍തെരേസയുടെ ജീവിതം സിനിമയാകുന്നു. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനമുള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയമായ നേട്ടങ്ങള്‍ സ്വന്തമാക്കി വിശുദ്ധ പദവിയിലേയ്ക്കുയര്‍ന്ന മദര്‍ തെരേസയുടെ ജീവിതം സിനിമയാക്കുന്നത് സീമ ഉപാദ്യായ ആണ്. തിരക്കഥയും സംവിധാനവും സീമ തന്നെയാണ്.
ബോളുവുഡ് താരങ്ങള്‍ ഉള്‍പ്പെടെ അന്തര്‍ദേശീയ തലത്തില്‍ പ്രമുഖരായ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രദീപ് ശര്‍മ്മ, നിതിന്‍ മന്‍മോഹന്‍, ഗിരീഷ് ജോഹര്‍, പ്രാചി മന്‍മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ഭാഗമായി സംവിധായക കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇപ്പോഴത്തെ സുപ്പീരിയര്‍ ജനറലുമായി കൂടിക്കാഴ്ചയും നടത്തി. കൊല്‍ക്കത്തയിലെ തന്റെ അനുഭവം സ്വപനതുല്യമായിരുന്നു എന്നാണ് സീമ ഉപാദ്യായ പറഞ്ഞത്.
കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതം കണ്ട് മനസലിഞ്ഞാണ് മദര്‍ തെരേസ മിഷണറീസ് ഓഫ് ചാരിറ്റി എന്ന സംരംഭം തുടങ്ങുന്നത്. 1970കളോടെ വിവിധ ലോക രാജ്യങ്ങളില്‍ മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ശാഖകള്‍ തുറന്നു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മദര്‍ തെരേസ ഇന്ത്യയിലും പുറത്തുമായി നടത്തിയിട്ടുള്ള യാത്രകള്‍ പ്രമേയമാക്കിയായിരിക്കും സിനിമ മുന്നോട്ട് പോവുക. സമാധാനം, സ്‌നേഹം, മനുഷ്യത്വം തുടങ്ങിയ ഗുണങ്ങള്‍ ലോകമെങ്ങും പ്രചരിക്കാനാണ് മദര്‍ ശ്രമിച്ചത്. തങ്ങളും സിനിമയലൂടെ അതുതന്നെയാണ് പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. സിനിമ 2020 റിലീസ് ചെയ്യാനാണ് തീരുമാനം.
മദര്‍ തെരേസയുടെ ജീവിതം പ്രമേയമാക്കി നിരവധി ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ 'ദി ലെറ്റേഴസ്' എന്ന ചിത്രമാണ് ഒടുവിലിറങ്ങിയത്. തന്റെ ആത്മീയഗുരു ഫാദര്‍ സെലറ്റേ വാന്‍ എക്‌സമിന് എഴുതിയ കത്തുകളായിരുന്നു 'ദി ലെറ്റേഴ്‌സിന് പ്രമേയമായത്.
https://www.facebook.com/Malayalivartha
























