നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമ; യൗവ്വനത്തിലെ കഷ്ടപ്പാടുകള്‍ കാണിക്കാന്‍ ചെരുപ്പിടാതെ നടന്ന നായകന് പരിക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്ര സിനിമാ ഷൂട്ടിങിനിടെ നായകനായ വിവേക് ഒബ്‌റോയിക്ക് പരിക്ക്. കാശിയിലെ മോദിയുടെ ജീവിത കാലം കാണിക്കാന്‍ ചെരിപ്പിടാതെ മഞ്ഞിലൂടെ നടക്കുന്നതിനിടെ കൂര്‍ത്ത മരക്കമ്പ് കാലില്‍ തറച്ചു കയറിയാണ് പരിക്കേറ്റത്. 'പിഎം നരേന്ദ്രമോദി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ത്യയിലും വിദേശത്തുമായാണ്.
മോദിയുടെ ജീവിതത്തിലെ ചെറുപ്പക്കാലവും രാഷ്ട്രീയത്തിലേക്കുള്ള യാത്രയുമൊക്കെയാണ് ചിത്രം പ്രധാനമായും പറയുന്നത്. ഗയഘട്ട്, കല്‍പ് കേദാര്‍ മന്ദിര്‍, ധരാളി ബസാര്‍- മുഖ്ബ ഗ്രാമം എന്നിവയെ ബന്ധിപ്പിക്കുന്ന തൂക്കുപാലം തുടങ്ങിയ ഇടങ്ങളിലാണ് മോദിയുടെ ചെറുപ്പകാലം ചിത്രീകരിക്കുന്നത്. ഹര്‍ഷിദ് വാലിയിലെ ഒരു ഗുഹയ്ക്ക് അകത്ത് ചെറുപ്പക്കാരനായ മോദി ധ്യാനത്തിലിരിക്കുന്ന സീന്‍ ചിത്രീകരിക്കുന്നതിനിടയിലാണ് വിവേകിന് പരിക്കേറ്റതെന്ന് ചിത്രത്തിന്റെ അണിയറക്കാര്‍ വ്യക്തമാക്കുന്നു.
'മേരികോം', 'സരബ്ജിത്ത്' എന്നീ സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഈ ചിത്രത്തിനായി കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അണിയറയില്‍ ശ്രമങ്ങള്‍ നടക്കുകയായിരുന്നു. പരേഷ് റാവലായിരിക്കും ചിത്രത്തില്‍ മോദിയെ അവതരിപ്പിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ നറുക്ക് വീണത് വിവേക് ഒബ്രോയിക്ക് ആണ്. ബൊമാന്‍ ഇറാനി, സുരേഷ് ഒബ്‌റോയ്, ദര്‍ശന്‍ കുമാര്‍ എന്നു തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. വിവേക് ഒബ്‌റോയിയുടെ പിതാവായ സുരേഷ് ഒബ്‌റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒപ്പം നരേന്ദ്രമോദിയുടെ ഗുരുവായ ദയാനന്ദ് ഗിരിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.
https://www.facebook.com/Malayalivartha

























