കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി അടുത്ത മാസം മൂന്നിലേക്ക് മാറ്റിവച്ചു. വാദത്തിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. മെമ്മറി കാര്‍ഡ് വേണമെന്ന ആവശ്യം വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലായിരുന്നു ദിലീപ് സുപ്രീം കോടതിയിയെ സമീപിച്ചത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയെന്ന് പറയുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് ലഭിക്കാന്‍ കേസില്‍ ആരോപിതനായ തനിക്ക് അവകാശമുണ്ടെന്ന് ഹര്‍ജിയില്‍ ദിലീപ് വാദിക്കുന്നു..
എന്നാല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ കൈമാറിയാല്‍ നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാന്‍ ആവില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നേരത്തെ സെഷന്‍സ് കോടതി മുതല്‍ ഹൈക്കോടതി വരെ ദിലീപിന്റെ ഈ ആവശ്യം തള്ളിയിരുന്നു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ദിലീപ് ശ്രമിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ മറ്റൊരു ആരോപണം. 2017 ഫെബ്രുവരിയിലാണ് യുവനടിയെ കൊച്ചിയില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. കേസിന്റെ വിചാരണ എറണാകുളം പ്രത്യേക കോടതിയില്‍ നടക്കാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























