സകലകലാവല്ലഭയായ അനു ജോസഫ്!

അഭിനേത്രിയാണെങ്കിലും ലാളിത്യത്തിന്റെയും വിനയത്തിന്റെയും പ്രകാശം പരത്തുന്ന നടിയാണു കാസര്‍കോട്ടുകാരി അനു ജോസഫ്. സീരിയലിലും സിനിമയിലും അസാധാരണ നടന വൈഭവം കാഴ്ചവച്ച് പ്രേക്ഷകലക്ഷങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങുമ്പോഴും അനു കൂടുതല്‍ വിനയാന്വിതയാവുകയാണ്. അല്ലെങ്കിലും കലാഭവന്റെ അകത്തളങ്ങളില്‍ നൃത്തച്ചുവടുകള്‍വച്ചു വളര്‍ന്ന പെണ്‍കുട്ടി ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരേ സീരിയലില്‍ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി നിറഞ്ഞാടുകയാണ് ഈ കലാകാരി. ആയിരം എപ്പിസാഡുകള്‍ പിന്നിട്ട 'കാര്യം നിസ്സാര'ത്തിലെ സത്യഭാമയെക്കുറിച്ചു പറയാത്തവരില്ല. 'എത്ര സ്വാഭാവികമായ അഭിനയം'-പ്രേക്ഷകരുടെ ആദ്യ പ്രതികരണം അങ്ങനെയാണ്. 'ജയിക്കാന്‍ മോഹനകൃഷ്ണനും തോല്‍ക്കാതിരിക്കാന്‍ സത്യഭാമയും' നടത്തുന്ന നെട്ടോട്ടങ്ങള്‍ അത്യാകര്‍ഷകം.ഇരുപതു സീരിയലുകളിലും പന്ത്രണ്ടു സിനിമകളിലും അനു ജോസഫ് ഇതിനകം അഭിനയിച്ചുകഴിഞ്ഞു. ഏറ്റവുമൊടുവില്‍ അഭിയിച്ച സിനിമ 'പത്തേമാരി'യാണ്. മമ്മൂക്കയുടെ സഹോദരി നിര്‍മലയുടെ വേഷം. 'കാര്യം നിസ്സാരം', 'മൂന്നു പെണ്ണുങ്ങള്‍' എന്നീ സീരിയലുകളില്‍ അനു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നു. 'മൂന്നു പെണ്ണുങ്ങളി'ല്‍ പ്രതിനായിക അപര്‍ണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
അനു ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. കൃഷ്ണവേണി ടീച്ചറുടെ 'ഇതെന്റെ മണ്ണ്, ഇതെന്റെ താളം' എന്ന ആല്‍ബത്തിനുവേണ്ടി ആദ്യമായി മേക്കപ്പണിഞ്ഞു. ഈ ആല്‍ബത്തിനു ധാരാളം അവാര്‍ഡുകളും ലഭിച്ചു. ആദ്യ സീരിയല്‍ 'സ്‌നേഹചന്ദ്രിക'യാണെങ്കിലും ആദ്യം പുറത്തുവന്നത് 'ചിത്രലേഖ'യാണ്. പിന്നീടു മകള്‍ മരുമകള്‍, ലൗമാരിജ്, പഴശ്ശിരാജാ, നൊമ്പരപ്പൂവ്, മനപ്പൊരുത്തം, മിന്നുകെട്ട്, താലോലം, മനസ്സറിയാതെ തുടങ്ങിയ സീരിയലുകളില്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തു. പഴശ്ശി രാജായിലെ ആദിവാസി പെണ്‍കുട്ടി നീലിയെ അനു ജോസഫ് അനശ്വരമാക്കി. ഈ സീരിയലിനുവേണ്ടി അല്‍പം കളരിമുറകളും പഠിക്കേണ്ടി വന്നു. കാസര്‍കോട് ചിറ്റാരിക്കല്‍ കുടക്കച്ചിറ രാജു ജോസഫിന്റെയും സൂസമ്മയുടെയും മകളാണ് അനു ജോസഫ്. ചിറ്റാരിക്കല്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലാതിലകപ്പട്ടം ചൂടി.
വളരെ ചെറുപ്പത്തില്‍ തന്നെ ലോകം മുഴുവന്‍ കറങ്ങാന്‍ അപൂര്‍വഭാഗ്യം ലഭിച്ച കലാകാരിയാണ് അനു ജോസഫ്. കലാഭവന്‍ ട്രൂപ്പിനോടൊപ്പമുള്ള ഈ യാത്രകള്‍ അനുവിന് ഒരിക്കലും മറക്കാനാവില്ല; കലാഭവന്റെ ജീവാത്മാവായിരുന്ന ആബേലച്ചനെയും!
https://www.facebook.com/Malayalivartha